മഹാകാവ്യങ്ങൾ
വർണ്ണനാപരമായ ഈ കാവ്യത്തിൽ കവിയുടെ നവനവോന്മേഷശാലിയായ പ്രതിഭയും ഭാവനയും സർവ്വത്ര പ്രകടിതമായിട്ടുണ്ട്. കവി നായികാനായകന്മാരുടെ സംഭോഗശൃംഗാരത്തെ വ്യഞ്ജിപ്പിച്ചുകൊണ്ടു സൂര്യോദയത്തെ വർണ്ണിക്കുന്നതു നോക്കുക:
ആടലേന്തി നിശി മെയ്മറച്ചതാ–
മാടനീക്കിയടികൂപ്പിയംശുമാൻ
പാടവത്തൊടു നുകർന്നു കാന്തതൻ–
പാടലദ്യുതി പടർന്നൊരാനനം.
ഒരു ഗ്രാമീണകന്യകയെ വർണ്ണിക്കുന്ന പദ്യമാണ് താഴെ ഉദ്ധരിക്കുന്നതു്:
മാരാർത്തരാം തരുണരോടനുകൂലഭാവ–
മോരാത്ത ബാലികയിലെങ്ങനെ രാഗബീജം
പാരാതെകണ്ടിഹ മുളച്ചിടു, മാശ്രയാശൻ
ചേരാത്തിടത്തു പുകയെങ്ങനെയുത്ഭവിക്കും?
