പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

കൊല്ലത്തുനിന്നു പുറപ്പെട്ടിരുന്ന മലയാളിയിൽ 1069 മുതൽ പ്രസ്തുത കാവ്യം പ്രസിദ്ധപ്പെടുത്തിയിരുന്നു. അനന്തരം അതു പുസ്തകരൂപത്തെ പ്രാപിക്കയും ചെയ്തു. രാമായണകഥയാണു് ഇതിവൃത്തമെന്നു പേരുകൊണ്ടുതന്നെ സ്പഷ്ടമാണല്ലൊ. 21 സർഗ്ഗങ്ങളുള്ള പ്രസ്തുതകാവ്യത്തിൽ എട്ടാംസർഗ്ഗം മുഴുവൻ യമകവും, ഇരുപതാം സർഗ്ഗം ചിത്രശ്ലോകഗഹനവുമാണു്. ഭോജൻ്റെ രാമായണചമ്പു, വാല്മീകിരാമായണം മുതലായവയെ ഉപജീവിച്ചു ചമച്ചിട്ടുള്ള ഈ കാവ്യത്തിൽ കവിയുടെ സ്വതന്ത്രങ്ങളായ കല്പനകളും ധാരാളമുണ്ട്. സീതാവിരഹം എന്ന പത്താംസർഗ്ഗത്തിൽ, കനകമൃഗത്തെക്കൊന്നു തിരിച്ചെത്തിയ ശ്രീരാമൻ, ആശ്രമം ശൂന്യമായിരിക്കുന്ന അവസ്ഥയാണു കണ്ടതു്. ദുഃഖാക്രാന്തനായ അദ്ദേഹം ലക്ഷ്മണനോടുകൂടി സീതയെ അന്വേഷിച്ചു തിരിയുകയാണു്, ”വഴിമേലവർ കണ്ടുകണ്ടു പോകും” തരുലതാദി ജീവജാലങ്ങളോടു ശ്രീരാമൻ ചെയ്യുന്ന ചോദ്യങ്ങൾ കവിയുടെ കല്പനാശക്തിയെ വേണ്ടുവോളം വെളിപ്പെടുത്തുന്നു. ഒന്നുരണ്ടു ശ്ലോകങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം:

”പരമാർത്ഥമുരയ്ക്ക നല്ല താളി-
പ്പനയേ! നിൻകുലപോലെ കേശഭാരം
പരിചോടു വഹിച്ചൊരുത്തിയീ നി-
ന്നരികിൽക്കൂടി വരുന്നതിന്നു കണ്ടോ?…”

“വിരിയും മലർചൂടിയഗ്രഭാഗേ
തളിരും തണ്ടുമിടയ്ക്കിടയ്ക്കു വീശി
മുകുളങ്ങളുമേന്തിയിങ്ങുലഞ്ഞാ
ലതയെങ്ങോട്ടുഗമിച്ച,ശോകമേ! ചൊൽ.”