പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

മിന്നൽ പ്രായങ്ങളാകും സുഖനിരകൾ ശരം-
പോലെ ദൂരത്തുതള്ളി
തന്നന്തശ്ശോഭിതാത്മജ്ഞതയൊടു മരുവീ-
ധർമ്മജൻ മന്നിലന്നാൾ.

500 പേജോളം വരുന്ന അവതാരികയും ഈ കൃതിയുടെ മഹത്വത്തെ വിളംബരം ചെയ്യുവാൻ പോരുന്ന ഒന്നുതന്നെ.

വേദവിഹാരം: കെ. വി. സൈമൺ എഴുതിയിട്ടുള്ള വേദവിഹാരം രാമായണാദി കിളിപ്പാട്ടുകൾപോലെ കേരള ഭാഷയ്ക്കനുയുക്തമായ ദ്രാവിഡവൃത്തങ്ങൾ ഉപയോഗിച്ചു രചിച്ചിട്ടുള്ള ഒരു മഹാകാവ്യമാകുന്നു. ഹൈന്ദവ സാഹിത്യത്തിനു് എഴുത്തച്ഛൻകൃതികൾ എങ്ങനെയോ, അതുപോലെ ക്രൈസ്തവ സാഹിത്യത്തിനു് അഭിമാനപ്രദമായ ഒരു കൃതിയാണിതെന്നു പറയുന്നതിൽ തെറ്റില്ല. 50 അദ്ധ്യായങ്ങളും ഏകദേശം ആറായിരം ഈരടികളുമുള്ള പ്രസ്തുത കൃതി ക്രൈസ്തവ പദ്യസാഹിത്യത്തിലെ ഒരു മഹാഭാരതമെന്നുതന്നെ പറയാം.

പഴയനിയമത്തിൽ മോശയുടെ ഒന്നാം പുസ്തകമെന്നു പറഞ്ഞുവരുന്ന ലോകോൽപത്തിയെ പശ്ചാത്തലമാക്കി നിർമ്മിച്ചിട്ടുള്ളതാണു് പ്രസ്തുത കാവ്യം. സ്വകീയങ്ങളായ വർണ്ണനകളിൽ കവിയുടെ മനോധർമ്മം, നിരീക്ഷണപാടവം മുതലായവ നല്ലപോലെ കളിയാടുന്നുണ്ട്. ആദിനരൻ, ആദിനാരിയെ കാണുമ്പോളുണ്ടാകുന്ന ഭാവവികാരങ്ങളെ വർണ്ണിച്ചിട്ടുള്ള ഭാഗം, കവിയുടെ അവസരോചിതമായ രസാവിഷ്കരണപടുതയെ വെളിപ്പെടുത്തുന്നു. അതുപോലെതന്നെ, പറുദീസ എന്ന ഉദ്യാനത്തെ വർണ്ണിക്കുന്നിടത്തു കവിയുടെ കല്പനാശക്തിയും പ്രകൃതിനിരീക്ഷണപാടവവും സുവ്യക്തമാണു്. സോദോം നഗരം കത്തി ദഹിക്കുന്ന സന്ദർഭത്തിലുള്ള വർണ്ണന, കവിയുടെ മനോധർമ്മത്തെ വേണ്ടത്ര പ്രകടമാക്കാൻ പോരുന്നതുതന്നെ:

ജ്വലനനുടെ ശിഖകളതിവേഗമായ് പാഞ്ഞുടൻ
ചാടിപ്പിടിച്ചു മർത്ത്യോല്ക്കരത്തെ ഹഠാൽ
മൂടിവസനമിവയിലരമെത്തി ജ്വലിക്കയാൽ
മൂടിപ്പരന്നുതേ മേനിയിലഗ്നിയും,