മഹാകാവ്യങ്ങൾ
ഉത്തരഭാരതം: മലയാളഭാഷയിലെ മഹാകാവ്യങ്ങളിൽ ഏറ്റവും ബൃഹത്തായ കൃതിയാണിത്. മഹാഭാരത യുദ്ധത്തിനു ശേഷമുള്ള ഇതിഹാസ കഥാബീജമാണു ഇതിലെ ഉള്ളടക്കം. ധർമ്മപുത്രർ കഥാനായകനും. നാല്പത്തഞ്ചു സർഗ്ഗങ്ങളും നാലായിരത്തിൽപ്പരം ശ്ലോകങ്ങളും ഈ മഹാകാവ്യത്തിൽ അടങ്ങിയിരിക്കുന്നു. സൗന്ദര്യാവിഷ്ക്കരണത്തേക്കാൾ ജീവിത ധർമ്മ പ്രബോധനത്തിനാണു് – ധർമ്മസംസ്ഥാപനത്തിനാണു കവി ഇക്കാവ്യത്തിൽ മുഖ്യമായും യത്നിച്ചിട്ടുള്ളത്.
ധർമ്മമെങ്ങവിടെയാണു വൻജയം
ധർമ്മമെങ്ങെവിടെയാണു ദൈവവും
ധർമ്മമെങ്ങവിടെയാം വിഭൂതിയും
ധർമ്മമെങ്ങവിടെ മേന്മ സർവ്വവും.
സർവ്വാതിശായിയായ ധർമ്മത്തിൻ്റെ മഹത്വം ഇങ്ങനെ സന്ദർഭാനുസാരേണ മധുരമായ രീതിയിൽ സാർവ്വത്രികമായി കവി ഇതിൽ ഉയർത്തിക്കാണിച്ചിരിക്കുന്നു. നായകനായ ധർമ്മാത്മജൻ്റെ മഹത്വവും സഹോദരസ്നേഹവും ഭൂതാനുകമ്പയും ധർമ്മനിഷ്ഠയും താദൃശമായ മറ്റു ഗുണഗണങ്ങളും ഇതിൽ അങ്ങേയറ്റം ഉയർത്തിക്കാണിക്കുന്നുണ്ട്. സർവ്വാർത്ഥകാമസിദ്ധനായി സ്വർഗ്ഗത്തിലെത്തുന്ന ധർമ്മപുത്രരുടെ നിത്യാനന്ദനിലയെ വർണ്ണിക്കുന്നതു നോക്കുക:
മുന്നം കാതിന്നുമാത്രം പരിചയമിയലും
ദിവ്യഭോഗങ്ങൾ കൈക്കൊ-
ണ്ടെന്നും സൗഖ്യേന വർത്തിക്കിലുമകതളിരിൽ
സക്തിയേതും പെടാതെ
