മഹാകാവ്യങ്ങൾ
രാഘവാഭ്യുദയം: കവിതിലകനും പണ്ഡിതമൂർദ്ധന്യനുമായ വടക്കുംകൂർ രാജരാജവർമ്മത്തമ്പുരാൻ്റെ മഹാകാവ്യങ്ങളിൽ പ്രഥമഗണനീയമാണ് രാഘവാഭ്യുദയം. 1090 മുതൽ കൗമുദിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ഈ കൃതി 1110–ലാണു പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതു്. 22 സർഗ്ഗങ്ങളുള്ള പ്രസ്തുത കൃതിയിൽ 19-ാം സർഗ്ഗത്തിൽ യമകവും, 20-ൽ ചിത്രപ്രസ്ഥാനത്തിൻ്റെ വിവിധരൂപങ്ങളും ഘടിപ്പിച്ചിരിക്കുന്നു. വിശ്വാമിത്രൻ യാഗരക്ഷയ്ക്കു ശ്രീരാമനെ കൂട്ടിക്കൊണ്ടു പോകുന്നതു മുതൽ പരശുരാമനെ ജയിച്ചു മടങ്ങിയെത്തുന്നതുവരെയുള്ള രാമായണ കഥാഭാഗമാണു ഇതിലെ ഇതിവൃത്തം. ‘നായകനായ രാമൻ്റെ താടകാവധം, അഹല്യാമോക്ഷം, ധനുർഭഞ്ജനം, പരശുരാമവിജയം എന്നീ അമാനുഷികങ്ങളായ പ്രവർത്തികളേയും തന്നിമിത്തമുണ്ടായ അഭ്യുദയങ്ങളെയും ആസ്പദമാക്കിയാണു കാവ്യത്തിനു് രാഘവാഭ്യുദയമെന്ന പേർ നല്കിയിട്ടുള്ളതു്.’ ഈ കാവ്യത്തിലെ സർഗ്ഗാന്തപദ്യങ്ങൾ എല്ലാം ‘അഭ്യുദയം’ എന്ന മംഗലപദംകൊണ്ടു് അങ്കിതങ്ങളുമാണു്. സജാതീയ ദ്വിതീയാക്ഷരപ്രാസം ഇതിൽ ആപാദചൂഡം പ്രയോഗിച്ചിരിക്കുന്നു. വർണ്ണനകൾ പൊതുവെ സരസമായിട്ടുണ്ട്. കാമപ്രാർത്ഥന ചെയ്യുന്ന ഇന്ദ്രനോടു്,
പരവനിത–വിശേഷിച്ചിന്നു ഞാൻ താപസസ്ത്രീ,
സുരമഹിത! സുധർമ്മാധീശനല്ലോ ഭവാനും,
പരമറിവുപെടുന്നോർ കാലുവയ്ക്കാൻ മടിക്കും-
സരണിയിലുടനോടിക്കേറുവാനോർത്തിടാമോ?
എന്നിങ്ങനെയാണു് അഹല്യ മറുപടി നല്കുന്നതു്, ഇതുപോലെ ശബ്ദാർത്ഥ സുന്ദരമാണു് മറ്റു ഭാഗങ്ങളുമെന്നു ചുരുക്കിപ്പറയുവാൻ മാത്രമേ ഇവിടെ തരമുള്ളു. ‘രഘുവീരവിജയം’ വടക്കുംകൂറിൻ്റെ മറെറാരു മഹാകാവ്യമാണു്. രാഘവാഭ്യുദയത്തിനു മുമ്പാണു ഇതിൻ്റെ രചന.
