പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

എന്നുള്ള മംഗളാശംസയോടുകൂടിയാണു്. നവരസങ്ങളിൽ ഓരോന്നും യഥോചിതം ഘടിപ്പിച്ചിരിക്കുന്നു. 18-ാംസർഗ്ഗത്തിൽ കവിയുടെ സ്വദേശാഭിമാനം തലയെടുത്തു നില്ക്കുന്ന കാഴ്ച ആരെയും കോൾമയിർക്കൊള്ളിക്കുന്നതാണു്.

“നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും…”
”അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം…”
”പരമ പുരുഷശയ്യേ! ഭാരതക്ഷോണിമൗലേ…”

എന്നു തുടങ്ങിയ പദ്യങ്ങൾ വായിക്കുമ്പോൾ ഏതൊരു ദേശാഭിമാനിയാണു് രോമാഞ്ചകഞ്ചുകിതനാകാത്തത് ?

ഒന്നാം സർഗ്ഗത്തിൽ കേരളത്തെ വർണ്ണിക്കുന്നതു നോക്കുക:

ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂ–
ച്ചെണ്ടായ്ശ്ശിവാദ്രിയുടെ തെക്കളകാപുരം പോൽ
തണ്ടാരിൽമാതിനുടെ കൂത്തു വെളിക്കുനിന്നു–
കൊണ്ടോടുമാഴിയതിരാം മലയാളരാജ്യം.

ഇതിലെ ഇതരവർണ്ണനകളും ഇതുപോലെ ഭംഗിയും വൈചിത്ര്യവും പൂണ്ടവയാണു്. അലങ്കാരങ്ങൾക്കുള്ള ചമൽക്കാരഭംഗിയും അന്യാദൃശംതന്നെ. നാടുകടത്തലിനു വിധിക്കപ്പെട്ട തൻ്റെ കാമുകൻ – തമ്പാൻ – നിരപരാധനാണെന്നു പറയുമ്പോൾ

പോകട്ടെ, പുല്ലപ്പുരുഷൻ; നിനക്കു–
പാകത്തിൽ ഞാൻ കാന്തനെ വേറെ നൽകാം,
വാകപ്പുതുത്താരിനു കള്ളിമുള്ളു–
ശോകത്തിനല്ലാതെ സുഖത്തിനാമോ

എന്നാണു രാജാവ് പുത്രിയെ സമാശ്വസിപ്പിക്കുന്നതു്. “മനസ്വിമാർ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽ” എന്ന തത്വം വല്ലതും ആ ശുദ്ധഗതിക്കാരൻ അറിയുന്നുണ്ടോ?