മഹാകാവ്യങ്ങൾ
ഘടനാവൈശിഷ്ട്യം, ഭാവനാവൈദഗ്ധ്യം, അലങ്കാരപ്രയോഗചാതുര്യം എന്നീ അംശങ്ങളിലും ഉമാകേരളം ഇതരമഹാകാവ്യങ്ങളെ പിന്നിലാക്കുന്നു. ചില ചരിത്രശുഷ്ക്കാസ്ഥികൾകൊണ്ടാണ് ഇതിൻ്റെ നിർമ്മാണമെങ്കിലും അവയെ ആവരണം ചെയ്തു വിദഗ്ദ്ധമായി വർണ്ണിച്ചപ്പോൾ ഉമാകേരളം സജീവവും സമ്മോഹനവുമായ ഒരു അഭിനവകാവ്യമായിത്തീർന്നു. അഭിജ്ഞാനശാകുന്തളത്തിൽ മോതിരത്തിൻ്റെ കഥ മുഖ്യമായി നില്ക്കുന്നതുപോലെ, ഈ കാവ്യത്തിൽ ആദിത്യവർമ്മയുടെ പുത്രിയായ കല്യാണിയുടേയും സചിവനായ രവി വർമ്മയുടേയും ജീവിതകഥ ഉടനീളം രസോജ്ജ്വലമായി വിളങ്ങുന്നു. ഈ ദമ്പതിമാരാകട്ടെ, അവരുടെ പരസ്പരപ്രണയമാകട്ടെ, ചരിത്രത്തിൽ ഇല്ലാത്ത ഒന്നാണ്. ആ അംശങ്ങൾക്കാണു കാവ്യത്തിൽ പ്രാധാന്യം കല്പിച്ചിട്ടുള്ളതും.
വർണ്ണനകളിൽ വിവിധരസങ്ങൾ ചേതോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നു. മന്ത്രിയും പ്രിയതമയും തമ്മിൽ പിരിയുന്ന മൂന്നാംസർഗ്ഗവും, ആദിത്യവർമ്മയ്ക്കു വിഷം കൊടുക്കുന്നതായ അഞ്ചാംസർഗ്ഗവും, രാജകുമാരൻമാരെ മുക്കിക്കൊല്ലുന്ന ഏഴ്, റാണിയുടെ വിലാപം എട്ട് എന്നീ സർഗ്ഗങ്ങളും കരുണരസത്തിൽ ആരെയും ആറാടിക്കുവാൻ പോരുന്നവയാണു്. പതിനൊന്നിലെ സന്ദേശവർണ്ണന കവിയുടെ ലോകനിരീക്ഷണത്തെ നല്ലപോലെ വ്യക്തമാക്കുന്നു. 19-ാം സർഗ്ഗം ആരംഭിക്കുന്നതുതന്നെ,
എമ്പാടുമഷ്ടാലയവർണ്ണനത്തിനാൽ
വമ്പാപമാർജ്ജിച്ച മദീയ തൂലികേ
അമ്പാർന്നു നീ വാഴ്ത്തുക രാജപുത്രിയും.
തമ്പാനുമായുള്ള വിവാഹമംഗളം
