മഹാകാവ്യങ്ങൾ
ഉമാകേരളം: ദ്വിതീയാക്ഷര പ്രാസവാദത്തിൽ രാജരാജവർമ്മയുടെ പ്രാതിനിദ്ധ്യം വഹിച്ചു പോരാടിയത്, കെ. സി. കേശവപിള്ളയായിരുന്നെങ്കിൽ, പ്രാസപക്ഷത്തിൻ്റെ നേതാവായിരുന്ന കേരളവർമ്മയുടെ പ്രാതിനിധ്യം വഹിച്ചു നേരിട്ടതു് ഉളളൂർ എസ്. പരമേശ്വരയ്യരായിരുന്നു. പ്രാസവാദാനന്തരം കെ. സി., കേശവീയം ചമച്ചതുപോലെതന്നെ, ഉളളൂരും ഒരു മഹാകാവ്യം ആ ഘട്ടത്തിൽ നിർമ്മിക്കയുണ്ടായി; അതാണ് ഉമാകേരളം.
പത്തൊൻപതു സർഗ്ഗങ്ങളുള്ള പ്രസ്തുത കൃതി, 1089-ലാണു് പ്രസിദ്ധീകൃതമായതു്. കേശവീയവും ഉമാകേരളവും ഭാഷയിലെ ഇതരമഹാകാവ്യങ്ങളെ അപേക്ഷിച്ചു വളരെ ഉയർന്നുനില്ക്കുന്നു എന്നുള്ളതിൽ പക്ഷാന്തരമില്ല. എന്നാൽ ചില അംശങ്ങളിൽ ഉമാകേരളം കേശവീയത്തെ പശ്ചാൽക്കരിക്കുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഒരു ചരിത്രകഥയെ മഹാകാവ്യങ്ങളിൽ ഇതിവൃത്തമായി ആദ്യം സ്വീകരിച്ചുകാണുന്നതു് ഉമാകേരളത്തിലാണു്. അതിനുമുമ്പു മഹാകാവ്യങ്ങളിൽ പുരാണേതിഹാസങ്ങൾ മാത്രമേ കഥാവസ്തുവായി സ്വീകരിച്ചുപോന്നിരുന്നുള്ളു. ഈ പൂർവ്വാചാരത്തെ ഉല്ലംഘിക്കുവാൻ ആദ്യമായി മുതിർന്ന മഹാകാവ്യ കർത്താവാണു് ഉളളൂർ. കൊല്ലം 9-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നടന്ന ചില പ്രസിദ്ധസംഭവങ്ങളാണു് ഉമാകേരളത്തിൻ്റെ പശ്ചാത്തലം. അങ്ങനെ ഒരു ചരിത്രവസ്തുത കാവ്യവിഷയമാക്കിയതുകൊണ്ടു കാവ്യത്തിൻ്റെ അനുഭവരസം വർദ്ധിപ്പിക്കാൻ അത് എല്ലാവിധത്തിലും പ്രയോജനപ്പെട്ടിട്ടുണ്ട്.
