പദ്യസാഹിത്യചരിത്രം. പതിന്നാലാമദ്ധ്യായം

മഹാകാവ്യങ്ങൾ

വർണ്ണനകളിൽ ഇത്തരം സവിശേഷതകൾ മറ്റു ഭാഗങ്ങളിലും കാണാം. അനുഭവ വേദ്യങ്ങളായ ലോകതത്ത്വങ്ങളും കാവ്യത്തിൽ കുറവല്ല.

ഉലകിൽ നിരഭിസന്ധിയായ ഹാർദ്ദം
സുവിരളമെന്നുമനേകസംഭവത്താൽ
അവനവനുടെ മിത്രമായതെല്ലാ-
മവനവനെന്നുമവൻ നിനച്ചിടുന്നു.

തൻ്റെ കാര്യമഖിലം നടക്കണം
സ്വന്തദാരസുതരും സുഖിക്കണം
അന്യരാകവെ വിഭിന്നരാകണം
ധന്യരായിതരരാരുമാകൊലാ.

വർണ്ണനകളിൽ ഇത്തരം ഗുണവിശേഷങ്ങൾ മറ്റു ഭാഗങ്ങളിലും കാണാവുന്നതാണ്. ശബ്ദാർത്ഥസൗന്ദര്യം ഒന്നുപോലെ കേശവീയത്തിൽ കളിയാടുന്നുണ്ട്. അനായാസമായി വന്നുചേർന്നിട്ടുള്ള എല്ലാവിധ ശബ്ദാലങ്കാരങ്ങളും കവി അവസരോചിതമായി സ്വീകരിച്ചിട്ടുമുണ്ട്.