മഹാകാവ്യങ്ങൾ
എന്നു രുഗ്മിണീചരിതത്തിൽക്കൂടി ഭാമ തൻ്റെ അഭിലാഷം എത്ര വ്യംഗ്യമധുരമായി പ്രകാശിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക. കുലീനത്വത്തിനു യോജിക്കാത്ത ഒരു വാക്കുപോലും കവി സത്യഭാമയെക്കൊണ്ടു പറയിക്കുന്നില്ല. തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞശേഷം:
ദ്വേഷവും ദോഷവും ലേശം–താതനുണ്ടായിടാതെതാൻ
താപം മമ ഹരിച്ചീടാൻ–തിരുവുള്ളമുദിക്കണം
എന്നാണു് ആ പിതൃഭക്ത പ്രത്യേകം പ്രാർത്ഥിക്കുന്നത്. സ്യമന്തകദർശനാവസരത്തിൽ സത്രാജിത്തു് ശ്രീകൃഷ്ണനോടു ചെയ്യുന്ന അഭ്യർത്ഥനയും മധുരോദാരമായ ഒന്നുതന്നെ.
ഭവാൻ കനിഞ്ഞെന്നുടെ നന്മകൾക്കു
ഭർത്തൃത്വമേറ്റങ്ങു വസിക്കുമെങ്കിൽ
ഭയംവെടിഞ്ഞീമണി ഭംഗമെന്ന്യേ
ഭരിച്ചിടാം ഞാൻ ഭരണീയബന്ധോ!
