മണിപ്രവാളകാവ്യങ്ങൾ
കാലം: ഈ സന്ദേശകാവ്യം കൊല്ലവർഷം 1081-ലെ ‘രസികരഞ്ജിനി’വഴിക്കാണു കേരളീയർക്കു് ആദ്യമായി പരിചയപ്പെടുവാൻ കഴിഞ്ഞതു്. അന്നു മുതൽ ഇതിൻ്റെ നിർമ്മാണകാലം, കവി, നായകൻ തുടങ്ങിയ വിഷയങ്ങളെപ്പററിയുള്ള വിവാദങ്ങൾ നടക്കുകയാണു് ; ഇന്നും നിലച്ചിട്ടില്ല. ക്രിസ്തുവർഷം 119-ൽ ആയിരിക്കണം ഇതിൻ്റെ രചനയെന്നു് രസികരഞ്ജിനി പത്രാധിപർ ഇതു പ്രസിദ്ധപ്പെടുത്തിയ കാലത്തു് അഭിപ്രായപ്പെടുകയുണ്ടായി. ശുകസന്ദേശത്തിലേയും ഉണ്ണുനീലിസന്ദേശത്തിലേയും പ്രഥമപദ്യങ്ങളിലെ ചില പദങ്ങളിൽ കലിദിനസംഖ്യ കണക്കുകൂട്ടിയാണു് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടതു്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തെ ആദരിക്കുന്നപക്ഷം, 1800 വർഷത്തിലധികം പഴക്കമുള്ള ഒരു കൃതിയാണിതെന്നു വന്നുകൂടുന്നു. മലയാള ഭാഷയുടെ ഉത്‌പത്തിപരിണാമാദികളെപ്പറ്റി ഒട്ടൊക്കെ അറിയാവുന്ന ഒരാൾക്ക് ഇതു ചിന്താർഹമായ ഒരഭിപ്രായം പോലുമല്ലെന്നു കാണാവുന്നതാണു്.
സന്ദേശത്തിൻ്റെ കാലം നിർണ്ണയിക്കുന്ന വിഷയത്തിൽ ആഭ്യന്തരമായ ചില തെളിവുകൾ ഗ്രന്ഥത്തിൽനിന്നുതന്നെ ലഭിക്കുന്നുണ്ട്. സന്ദേശകാലത്തു കൊല്ലം കേന്ദ്രമാക്കി വേണാടു ഭരിച്ചിരുന്നതു രവിവർമ്മ എന്നൊരു രാജാവായിരുന്നു. അദ്ദേഹത്തിൻ്റെ സഹോദരനും സർവ്വാംഗനാഥബിരുദവും തൃപ്പാപ്പൂർമൂപ്പും സിദ്ധിച്ച ആളുമായ ആദിത്യവർമ്മയാണു് ഇതിലെ സന്ദേശഹരൻ.
നാരീമൗലേ! മമ മലർമകൾക്കങ്ങിരിപ്പാന്തിരിപ്പാ-
പ്പുരെൻറില്ലം വെരളുമിളമാൻകണ്ണി! വേണാട്ടിലങ്ങു്
താരാനാഥപ്രതിമവദനേ! പേരുമാതിച്ചവർമ്മൻ
പാരേറീടും പുകളിരവിവർമ്മന്നു രണ്ടാമവൻ ഞാൻ. (ഉ.സ. 77)
എന്നു സന്ദേശഹാരി പറയുന്നതു നോക്കുക.
