പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

തിരുവനന്തപുരം മുതൽ വടമതിരവരെയുള്ള മാർഗ്ഗമാണു് ഇതിൽ വർണ്ണിക്കുന്നത്. ആദ്യം അവിടെയുള്ള ക്ഷേത്രങ്ങളിലെ ദേവന്മാരെയെല്ലാം വർണ്ണിച്ചു സന്ദേശഹരൻ പടിഞ്ഞാറെ ഗോപുരത്തൂടെ പുറപ്പെടുന്നു. അംബുരാശിയുടെ ഉദാരമായ തീരംവഴിക്കാണ് യാത്ര. ഉച്ചയോടുകൂടി തൃപ്പാപ്പൂർ എത്തുന്നു. അമൃതേത്തു മുതലായവ കഴിഞ്ഞു് അവിടെനിന്നു പുറപ്പെട്ട്, മുതലപ്പൊഴി കടന്നു പുത്തിടത്തങ്ങാടിയിൽക്കൂടി പോകുന്നു. വഴിക്കു വർക്കലെ പ്രതിഷ്ഠമുള്ള ‘നന്ദഗോപസ്യ സൂനു’വിനെ വന്ദിച്ച് സന്ദേശഹരൻ്റെ കുലപുരിയായ കൊല്ലം രാജധാനിയിൽ എത്തുന്നു. കൊല്ലത്തു് അന്നു രാജ്യഭാരം ചെയ്യുന്നതു സഹോദരൻ്റെ ജ്യേഷ്ഠനായ രവിവർമ്മരാജാവാണു്. ജ്യേഷ്ഠനായ രാജാവിനെ അദ്ദേഹത്തിൻ്റെ മന്ത്രിവഴി സന്ദേശവിവരം അറിയിച്ചിട്ട്, സന്ദേശഹരൻ അവിടെനിന്നും അന്നുതന്നെ പുറപ്പെടുന്നു. ‘മുച്ചന്തിക്കൽ ചുഴല മരുവും വാണിയം’ കണ്ടു സന്തുഷ്ടനായി സന്ധ്യയോടുകൂടി കരിപ്പുക്കുളത്തെത്തുകയായി.

പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ”മന്നിൽ പൊങ്ങും പടയൊടു” കൊല്ലം രാജ്യത്തിൻ്റെ വടക്കേ അതിർത്തിയിലുള്ള കന്നേറ്റി കടന്നു് ഓടനാട്ടിൽ പ്രവേശിച്ചു” കായംകുളത്തങ്ങാടിവഴി മറ്റവും പിന്നിട്ടു മുമ്പിലുള്ള തട്ടാരമ്പലവും കണ്ട് കണ്ടിയൂരെത്തുന്നു. ”കണ്ടിയൂർത്തമ്പിരാരെ” തൊഴുത് അവിടെനിന്നു മടങ്ങി വന്നു അന്നത്തെ ഓടനാട്ടുരാജാവായ രവിവർമ്മയെ കാണുന്നു. അദ്ദേഹത്തിൻ്റെ ആതിഥ്യമേറ്റ് അന്നത്തെ രാത്രി അവിടെത്തന്നെയാണു കഴിക്കുന്നതു്. യാത്രയിൽ വഴിക്കു പൂർവ്വപരിചയമുള്ള അനേകം കുടിലാളകമാരെ — “കോറ്റേൻ വെല്ലും മൊഴി ചെറുകരച്ചേർന്ന കുട്ടത്തി”, “നാട്ടിൽച്ചൊല്ലേറിന ചെറുകരെച്ചേരുമെന്നുണ്ണിയാടി”, ”മുത്തൂറ്റത്തുരുമിളയച്ചിക്കയൽക്കണ്ണി”, ”ഏണാക്ഷീണാം കുലമണി കുറുങ്ങാട്ടു വാഴ്ന്നുണ്ണുനീലി”, ”കുറുങ്ങാട്ടുണ്ണിച്ചക്കിക്കടൽവനിത”,
“മഹിതചിരുതേവി” തുടങ്ങിയവരെ സന്ദേശഹരൻ കണ്ടു വേഴ്ച പുതുക്കി പോകുന്നുണ്ടെന്നുള്ള കഥയും ഇവിടെ സ്മരണീയമാണു്.