പദ്യസാഹിത്യചരിത്രം. മൂന്നാമദ്ധ്യായം

മണിപ്രവാളകാവ്യങ്ങൾ

ഇതിവൃത്തം: വടക്കുംകൂർ രാജ്യത്തിൻ്റെ തലസ്ഥാനനഗരമായ ‘വടമതിര’ എന്ന കടന്തേരി അഥവാ കടുത്തുരുത്തി ദേശത്തു് വീരമാണിക്കമെന്നുകൂടി പേർ പറഞ്ഞുവരുന്ന മുണ്ടയ്ക്കൽഭവനത്തിലെ ഉണ്ണുനീലിക്ക്, അവളുടെ പ്രിയതമൻ തിരുവനന്തപുരത്തുനിന്നും ഒരു സന്ദേശമയയ്ക്കുന്നതാണു ഇതിലെ ഇതിവൃത്തം. നായികാഗൃഹമായ മുണ്ടയ്ക്കൽഭവനത്തിൽ, ഒരു രാത്രി നായികാനായകന്മാർ കിടന്നുറങ്ങുമ്പോൾ കാമാതുരയായ ഒരു യക്ഷി, നായിക അറിയാതെ നായകനെ പൊക്കിയെടുത്തുകൊണ്ടു ആകാശദേശംവഴി തെക്കോട്ടു പായുന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉണരുന്നു. ഉണ്ണുനീലിയിൽനിന്നു വിരഹിതനായ നായകൻ ആകുലനായിത്തീരുകയും നരസിംഹമന്ത്രം ജപിക്കയും, ഭീതയായ യക്ഷി ആ ക്ഷണത്തിൽ നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്യുന്നു. വായുവിൻ്റെ സഹായത്താൽ ‘എല്ലിനു വലിയ കേടൊന്നും പറ്റാതെ’ നായകൻ, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം വന്നു വീഴുന്നു. അപ്പോൾ സമയം സുപ്രഭാതം. മോഹാലസ്യമെല്ലാം തീർന്നു, ”അമ്മേ, ദേശം പുനരിവിടമേതേതു നാടെൻറുമെല്ലാം” അറിയുവാൻ കഴിയാതെ പരിഭ്രമിക്കുമ്പോൾ, ക്ഷേത്രത്തിലെ പ്രഭാതസ്തുതി കേട്ട്, ദിങ് മോഹം നീങ്ങി, പ്രസ്തുത ക്ഷേത്രത്തിലെ വാതിൽമാടത്തിൽ കയറിയിരിക്കുന്നു. അചിരപ്രവർത്തമായ വസന്തത്തിൻ്റെ ആവിർഭാവം വിരഹിയെ വല്ലാതെ പീഡിപ്പിച്ചു തുടങ്ങി. ഈ ഘട്ടത്തിൽ യദൃച്ഛയാ അവിടെ വന്നെത്തിയ തൃപ്പാപ്പൂർമൂപ്പു് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. കശലപ്രശ്നാനന്തരം നായകൻ തൻ്റെ ദയനീയസ്ഥിതിയെ വിവരിച്ചു രാജാവിനെ ഗ്രഹിപ്പിക്കയും അദ്ദേഹംവഴി നായികയ്ക്കു സന്ദേശം കൊടുത്തയയ്ക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. മാർഗ്ഗനിർദ്ദേശമാണ് അടുത്ത പടി.