ഭൗതികവിജ്‌ഞാനീയം
എസ്. പരമേശ്വരൻ: ആധുനിക ശാസ്ത്രത്തെപ്പറ്റിയുള്ള വിജ്ഞാനധാരകൾ മലയാളഭാഷയിൽ പകർത്തുവാൻ അതിയത്നം ചെയ്തുകൊണ്ടിരിക്കുന്ന ചുരുക്കം ചില തൂലികാവിദഗ്ദ്ധന്മാരിൽ ഒരുവനാണു് ഡോക്ടർ എസ്. പരമേശ്വരൻ. ആധുനിക ജ്യോതിശ്ശാസ്ത്രം, പരമാണുശക്തി, ശാസ്ത്ര സരണി, ശാസ്ത്രസൗധം എന്നിങ്ങനെ പല കൃതികളും അദ്ദേഹം മലയാളഭാഷയ്ക്കു സംഭാവനചെയ്തിട്ടുണ്ട്. ഏതു ഗഹനമായ വിഷയവും വളരെ ലളിതവും സുഗ്രഹവുമായ വിധത്തിൽ പ്രതിപാദിക്കുവാൻ അദ്ദേഹത്തിനു സാധിക്കും. ‘ശാസ്ത്ര സൗധ’ത്തിൽ, ശാസ്ത്രജ്ഞന്മാരുടെ കർത്തവ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ആദ്യത്തെ പ്രബന്ധത്തിൽ, ശാസ്ത്രീയ തത്ത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാകത്തക്കവണ്ണം ഉപപാദിക്കുന്ന ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട മൂന്നു ഗുണങ്ങളെപ്പറ്റി അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. “വിഷയത്തിൽ അസന്ദിഗ്ദ്ധമായ പാണ്ഡിത്യം, അകൈതവമായ ആത്മാർത്ഥത, സുഗ്രഹമായ പ്രതിപാദനവൈദഗ്ദ്ധ്യം ഇവയാണു് ഈ ഗുണത്രയം.” ഇവ സമഗ്രമായിട്ടല്ലെങ്കിലും സാമാന്യമായി സമ്പാദിക്കാൻ സാധിച്ചിട്ടുള്ള ഒരു വ്യക്തിയാണു് ഡോ. പരമേശ്വരനെന്ന് അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചിട്ടുള്ള ഏതൊരാളും സമ്മതിക്കും. അത്തരം വിദഗ്ദ്ധമതികൾക്കേ, സാമാന്യജനങ്ങൾക്കു കാലാനുസൃതമായ ശാസ്ത്രജ്ഞാനം നല്കി, അധഃപതിക്കുന്ന സംസ്ക്കാരത്തെ പുനരുദ്ധരിക്കുവാനും സാധിക്കയുള്ളു.
കെ. വി. ശങ്കരൻനായർ: കഥ, കവിത, ഉപന്യാസം,നാടകം തുടങ്ങിയ പല സാഹിത്യശാഖകളിലും സമർത്‌ഥമായി തൂലികയെ ചലിപ്പിച്ചിരുന്ന ഒരു വ്യക്തിയാണു് ഉത്തരകേരളത്തിലെ ചെറുകുന്നു സ്വദേശിയായ കെ. വി. ശങ്കരൻനായർ എം എ., ബി. എൽ. ‘ലോകാലോകം’ അദ്ദേഹം എഴുതിയിട്ടുള്ള ഏതാനും ശാസ്ത്രീയോപന്യാസങ്ങളുടെ സമാഹാരമാണു്. ‘പ്രാഥമികശാസ്ത്രം’ വിദ്യാർത്ഥികളെ ഉദ്ദേശിച്ചു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ശാസ്ത്രീയോപന്യാസങ്ങളുടെ സമാഹാരവും, കീർത്തികാമനല്ലാതിരുന്ന ഈ സരസ്വതീപൂജകൻ 1964 മാർച്ച് 25-ാംതീയതി മലബാറിലുള്ള തളിപ്പറമ്പിൽവച്ചു ചരമമടഞ്ഞു.
