ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

ഡോ. ഭാസ്കരൻനായരുടെ കൃതികൾ: മലയാളഭാഷയിലെ നവീന ശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരുവനു് ഡോ. കെ. ഭാസ്‌കരൻനായരുടെ പേരാണു് ഇന്നു് ആദ്യം ഓർമ്മവരിക. ഭാഷയിൽ ആധുനിക ശാസ്ത്രതത്ത്വങ്ങൾ പ്രതിപാദിക്കുന്നതിൽ കാഴ്ചയമായും കാര്യക്ഷമമായും പ്രവർത്തിച്ചിട്ടുള്ള ഒരു എഴുത്തുകാരനാണു് അദ്ദേഹം. ആകർഷകമായ ശൈലി, സുവ്യക്തമായ സാങ്കേതിക വിവർത്തനം, ആശയത്തെ സുഗ്രഹമാക്കിത്തീർക്കുന്ന അവതരണം എന്നു തുടങ്ങിയ ഗുണങ്ങളാൽ ഭാസ്ക്കരൻനായരുടെ ശാസ്ത്രഗ്രന്ഥങ്ങൾ ഏററവും സമാസ്വാദ്യങ്ങളത്രെ.

ശാസ്ത്രത്തിൻ്റെ ഗതി: ഡോ. ഭാസ്‌കരൻനായർ മലയാളഭാഷയ്ക്കു സംഭാവന ചെയ്തിട്ടുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളിൽ ഒന്നാണിതു്. ശാസ്ത്രത്തിൻ്റെ ഗതി, എഡിസനും ശാസ്ത്രീയചിന്തയും, ജീവശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തങ്ങൾ, യോഗവിദ്യയും ഭ്രൂണശാസ്ത്രവും എന്നുതുടങ്ങി 22 ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസ്തുത കൃതിയിൽ അടങ്ങിയിരിക്കുന്നു. ശാസ്ത്രീയ വിഷയങ്ങളെ പ്രകാശിപ്പിക്കുന്നതിൽ കൈക്കൊള്ളേണ്ട അടുക്കും ക്രമവും വൈശദ്യവും ഇതിലെ ഓരോ പ്രബന്ധത്തിലും സ്പഷ്ടമായിട്ടുണ്ട്. ശാസ്ത്രത്തിൻ്റെ ഗതി എന്ന ഒന്നാമത്തെ പ്രബന്ധത്തിൽ വിജ്ഞാനത്തിൻ്റെ വളർച്ചയിൽ സുവ്യക്തമായ മൂന്നു ദശാവിശേഷങ്ങൾ കാണാമെന്നുള്ള തത്ത്വത്തെയാണു് വിശദീകരിക്കുന്നതു്. ശാസ്ത്ര ഗ്രന്ഥത്തിൻ്റെ പ്രതിപാദനത്തിൽ സാധാരണ അനുഭവപ്പെടാറുള്ള വൈരസ്യം ലവലേശം ഇവിടെ അനുഭവപ്പെടുന്നില്ല. മറ്റു പ്രബന്ധങ്ങളെ സംബന്ധിച്ചും ഇതുതന്നെയാണു പറയുവാനുള്ളത്.

ഭാസ്ക്‌കരൻനായരുടെ മറ്റു കൃതികൾ, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രദീപിക, പ്രാണിലോകം, പ്രകൃതിപാഠങ്ങൾ തുടങ്ങിയവയാണു്.