ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

ഭൂഗോളചരിതം: എം. രാമവർമ്മതമ്പാൻ എഴുതിയിട്ടുള്ളതാണ് പ്രസ്തുത കൃതി. നാം പാർക്കുന്ന ഗോളം, ഭൂചലനം, സൂര്യവംശം, ഭൂമിയുടെ ഉൽപത്തി, ഭൂമിയുടെ രൂപീകരണം, ഭൂമിയുടെ തൽക്കാലസ്ഥിതി, റേഡിയം, ഭൂമിയുടെ ചേരുവ എന്നിങ്ങനെയുള്ള ഒൻപതദ്ധ്യായങ്ങളിൽ ഭൂഗോളചരിതം ഒന്നാംഭാഗത്തിലെ വിഷയം പ്രതിപാദിച്ചിരിക്കുന്നു.

ഭൂവിവരണസിദ്ധാന്തസംഗ്രഹം: ഒ. എം. ചെറിയാനാണു് ഇതിൻ്റെ പ്രണേതാവു്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി, ഗ്രഹണങ്ങൾ, കാലഭേദങ്ങൾ, മഞ്ഞ്, മഴ, കാറ്റു്, ശീതോഷ്ണാവസ്ഥ മുതലായി നമുക്കു നിത്യപരിചയത്തിലിരിക്കുന്ന ഇവയോരോന്നും എന്താണെന്നും എങ്ങനെയുണ്ടായി എന്നുംമററുമുള്ള ശാസ്ത്രീയതത്ത്വങ്ങളെയാണു് പ്രസ്തുത കൃതിയിൽ പ്രതിപാദിക്കുന്നതു്. ആവിഷ്കരണരീതി അത്യധികം ആകർഷ കമായിട്ടുണ്ടു്. ആരംഭം തന്നെ നോക്കുക: “പൂണ്ണചന്ദ്രപ്രശോഭിതമായ ഒരു ശരൽക്കാലരാത്രിയിൽ, വാനത്തിൻ്റെ നാനാഭാഗങ്ങളിൽ തേജകണങ്ങൾപോലെ ഉജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന സംഖ്യാതീതങ്ങളായ നക്ഷത്രങ്ങളെ സല്പനേരത്തേക്ക് പഠിതാവു് മനസ്സിൽനിന്നു വിസ്മരിക്കണമെന്ന് ഇവിടെ ഒരപേക്ഷയുണ്ട്.” ഇങ്ങനെ മനോഹരമായ ഒരു ശൈലിയിലാണു് ചെറിയാൻ പ്രസ്തുത ശാസ്ത്രഗ്രന്ഥം നിർമ്മിച്ചിട്ടുള്ളത്. 1081-ലാണു് അതിൻ്റെ രചന എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

പാശ്ചാത്യ ശാസ്ത്ര വൃത്താന്തം: കെ. ആർ. കൃഷ്ണപിള്ളയാണു് ഇതിൻ്റെ കർത്താവു്. യൂറോപ്പിൽ മുളയെടുത്തിട്ടുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ ഏഴദ്ധ്യായങ്ങളിലായി ഇതിൽ സംഗ്രഹിച്ചിരിക്കുന്നു. ആമുഖത്തിൽ ഗ്രന്ഥകാരൻ കുറിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ ശ്രദ്ധേയമാണു്: “ടിൻ ഡൽ ശാസ്ത്രപണ്ഡിതൻ്റെ Belfast Address എന്ന ഒരു ശാസ്ത്രീയ പ്രസംഗം ഈയിടെ (ഏകദേശം 48 കൊല്ലം മുമ്പു്) വായിച്ചപ്പോൾ അതിൻ്റെ സാരം മലയാളവായനക്കാർക്കു രുചികരമായിരിക്കുമോ എന്നു നോക്കാനായി ഞാൻ ഇപ്രകാരം ഉദ്യമിച്ചതാണു്. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം, ഈ രണ്ടു പ്രധാനവകുപ്പുകളിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള വിമർശങ്ങളെയാണു് ടിൻഡൽ തൻ്റെ പ്രസംഗത്തിനു മുഖ്യമായി വിഷയികരിച്ചിട്ടുള്ളതു്. അദ്ദേഹത്തിൻ്റെ വഴിപിടിച്ച് എഴുതിയ ഞാനും അതിലധികമായി ഒന്നും എഴുതിയിട്ടില്ല.” ഇതിൽനിന്നു പ്രസ്തുത കൃതിയു ആവിർഭാവകാരണം വ്യക്തമാണല്ലൊ. ഗ്രന്ഥകാരൻ്റെ സരളമധുരമായ ശൈലി പ്രതിപാദ്യത്തെ കൂടുതൽ സുഗമവും സുഗ്രഹവുമാക്കിത്തീർക്കുവാൻ പര്യാപ്തമാണു്.