ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

സാങ്കേതിക പദനിർമ്മാണം: പാശ്ചാത്യഭൗതികവിജ്ഞാനീയത്തിൻ്റെ പ്രാധാന്യവും വൈപുല്യവുമാണ് ഇതുകൊണ്ടു വ്യക്തമാകുന്നതു്. അതു് അനുദിനം അനുനിമിഷം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെയുള്ള ഒരു ഘട്ടത്തിൽ സാങ്കേതികപദങ്ങളുടെ സൗകുമാര്യത്തെപ്പറ്റി തർക്കിച്ചും, പദങ്ങളുടെ നിരുക്തവും നിഷ്പത്തിയും ചിന്തിച്ചും ‘സാ’ എന്നു തുടങ്ങിയാൽ നമ്മുടെ ഉദ്യമം ഇന്നത്തെ ലോകത്തിനു പ്രയോജനപ്പെടുകയില്ല. തന്നെയുമല്ല, ചില സാങ്കേതികപദങ്ങൾ ഇന്നു ചിലർ സൃഷ്ടിച്ചുവിടുന്നതു കാണുമ്പോൾ വളരെ കഷ്ടവും തോന്നും. മൂലപദങ്ങൾ പലതും സാങ്കേതികശബ്ദത്തേക്കാൾ സുഗ്രഹവും അതേസമയംതന്നെ സാർവ്വലൗകികവുമായിരിക്കേ, ‘ടീകാ ടൂകാമപേക്ഷതേ’ എന്നു പറഞ്ഞ മട്ടിൽ നിഷ്പ്രയോജനമായി ഇത്തരം നൂതനപദങ്ങൾ ചമച്ചു ഭാവിലോകത്തിൻ്റെ ജീവിതത്തെ എന്തിനു പാഴാക്കുന്നു, എന്നു പലപ്പോഴും ചോദിക്കാൻ തോന്നിപ്പോകാറുണ്ട്. ഒരു പദത്തിനുതന്നെ ഭിന്നഭിന്ന രൂപങ്ങളെയാണു് ശാസ്ത്രഗ്രന്ഥനിർമ്മിതിയിൽ ഓരോരുത്തരും കൈക്കൊള്ളുന്നതു്. അതിൻ്റെ ഫലമോ, വിദ്യാർത്ഥികളുടെ ജീവിതം നിഷ്പ്രയോജനമാക്കിത്തീർക്കുക എന്നതു മാത്രവും. സരളങ്ങളും സുഗമങ്ങളുമായ സാർവ്വദേശീയസംജ്ഞകൾ അതേപടി സ്വീകരിച്ചു ക്രമേണ ദേശീയമാക്കിത്തീർക്കുകയോ, അല്ലെങ്കിൽ ചേരുന്ന പടി ചേർത്തെടുത്തു സ്വന്തമാക്കുകയോ, അല്ലാത്തവയ്ക്ക് ഐകരൂപ്യമുള്ള സാങ്കേതിക ശബ്ദങ്ങൾ നിർമ്മിച്ച് പ്രയോഗിക്കുകയോ ചെയ്യുന്നതു് ഈ വിഷയത്തിൽ കൂടുതൽ പ്രയോജനപ്രദമായിരിക്കുമെന്നു തോന്നുന്നു.

ഇനി, മറ്റൊന്നു്, മൂലത്തിലുള്ള ആശയങ്ങളെ പദാനുപദമായി തർജ്ജമ ചെയ്തുവെച്ചാൽ അതു മലയാളികൾക്കു താനേ ഗ്രാഹ്യമായിക്കൊള്ളും എന്നുകരുതി പ്രവത്തിക്കുന്ന സമ്പ്രദായമാണു്. മലയാളഭാഷ വഴിക്കുള്ള ശാസ്ത്രാഭ്യസനം നമുക്കു വേണ്ടത്ര ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അതിനാൽ അത്തരം തർജ്ജമകൾ ആംഗലേയഭാഷാനഭിജ്ഞന്മാരായ സാധാരണക്കാർക്കു് ഒരുവിധത്തിലും ഉപയോഗപ്രദമല്ല. കാര്യക്ഷമതയാണു് ശാസ്ത്രഗ്രന്ഥങ്ങളുടെ വിവർത്തനത്തിൽ ആവശ്യമായിട്ടുള്ളത്. ഏതുവിധത്തിൽ പ്രതിപാദിച്ചാലാണോ, അതു് ഒരു മലയാളിക്കു സുഗ്രഹമാകുന്നതു്, ആ രീതിയിൽ ചെയ്താൽ മാത്രമേ അതുകൊണ്ടുള്ള പ്രയോജനമുണ്ടാവുകയുള്ളു. തർജ്ജമക്കാരൻ ഒരു മനശ്ശാസ്ത്രപണ്ഡിതനും, ശാസ്ത്രഗ്രന്ഥം പഠിപ്പിക്കുന്ന വിവേകശീലനായ ഒരദ്ധ്യാപകനുംകൂടിയായിരുന്നാൽ ഈ വിഷയത്തിൽ അധികം തരക്കേടുകൾ സംഭവിക്കുമെന്നു തോന്നുന്നില്ല. ഇന്നു നമ്മുടെ വിദ്യാത്ഥികൾ ഉരുവിട്ടു പഠിക്കുന്ന കൃതികൾ മിക്കവയും ഇതിനു വിപരീതമായിട്ടുള്ളതാണെന്നു് അനുഭവസ്ഥർ സമ്മതിക്കുക തന്നെ ചെയ്യും. ഭാഗ്യവശാൽ ശാസ്ത്രഗ്രന്ഥങ്ങളിൽ വേണ്ടത്ര അവഗാഹം സിദ്ധിച്ചവരും, അവയെ ഭാഷയിൽ ആവിഷ്കരിക്കുവാൻ കഴിവുള്ളവരുമായ ചിലരെല്ലാം ഇന്നുണ്ടെന്നുള്ളതു നമുക്ക് ആശ്വാസപ്രദമാണു്.