ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

“അപ്പോൾ നമുക്ക് അവൻ്റെ കാര്യം വിസ്മരിച്ചുകൂടാ. പുതിയ വെളിച്ചവുമായി അവനെ പൊരുത്തപ്പെടുത്തണം. ഇതിലേക്കു സാഹിത്യത്തിൽ സാധാരണക്കാരുടെ ഗ്രാഹ്യശക്തിയേയും ആവശ്യത്തേയും മാനിച്ച് ഭൗതികവിജ്ഞാനീയങ്ങളെ അധികരിച്ച് എഴുതപ്പെട്ട ധാരാളം പുസ്തകങ്ങളുണ്ടായേ പറ്റൂ. എല്ലാ ശാസ്ത്രങ്ങളുടെയും എ. ബി. സി. ഇങ്ങനെ ലഭിക്കുമാറാകണം. ആംഗല ഭാഷാപരിചയമില്ലാത്തവർക്ക് മാതൃഭാഷയിൽക്കൂടിത്തന്നെ പുതിയ ലോകവുമായി ബന്ധപ്പെടാൻ സാധിക്കണം.” * (ശ്രീ ഗോവിന്ദൻകുട്ടിനായർ).

ആധുനികശാസ്ത്രങ്ങൾക്കു ജീവിതത്തോടുള്ള സുദൃഢബന്ധത്തേയും ആവക ശാസ്ത്രങ്ങൾ മലയാള ഭാഷയിൽ വളരെയുണ്ടാകേണ്ടതിൻ്റെ അടിയന്തിര ആവശ്യത്തേയുമാണല്ലോ മേൽക്കാണിച്ച പ്രസ്താവനകൾ വ്യക്തമാക്കുന്നതു്”. ഇന്നത്തെ ജീവിതമത്സരത്തിൽ സമുദായവും രാഷ്ട്രവും കാലോചിതമായി മുന്നോട്ടു നീങ്ങണമെങ്കിൽ ആധുനികശാസ്ത്രത്തിൻ്റെ പ്രവണതകൾ നേടിയേ കഴിയൂ. അതിനു് ആവക ശാസ്ത്രഗ്രന്ഥങ്ങൾ പരിചിതമാവാതെ തരവുമില്ല.

“കഴിഞ്ഞ മുന്നൂറു വർഷംകൊണ്ടു് സയൻസിനു സിദ്ധിച്ചിട്ടുള്ള വളർച്ച നിസ്തൂലമാകുന്നു. അതു ശാഖോപശാഖകളായി വികസിച്ചു് ഒരുമാതിരിക്കാർക്കൊന്നും എത്തും പിടിയുംകിട്ടാത്ത മട്ടിലായിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പകുതിക്കുശേഷം പാശ്ചാത്യജനതയുടെ പ്രതിഭാവിലാസം മുഖ്യമായി ശാസ്ത്രമണ്ഡലത്തിലാണു് പ്രകാശിച്ചിട്ടുള്ളതു്. അർവ്വാചീനകാലത്തു് അവിടെ ഒരു ഷേക്സ്പീയറും, മൈക്കൾ ആഞ്ചലോയും മറ്റും ജനിക്കാതിരുന്നതിൻ്റെ രഹസ്യം ഇതാകുന്നു. അത്തരം വ്യക്തിമഹത്വം ഇന്നു ശാസ്ത്രലോകത്തിലേ കാണുകയുള്ളു. ഓരോ ശാഖയിലും ഉപശാഖയിലും ആജീവനാന്തം പ്രയത്നിക്കുന്നവരുടെ സംഖ്യ വളരെ വലുതാണു്. ഇങ്ങനെ വളർന്നുവന്നിട്ടുള്ള അതിമഹത്തായ ശാസ്ത്രവിജ്ഞാനത്തെ ഇന്നോ നാളയോ കൊണ്ടൊന്നും നമ്മുടെ ഭാഷയിലേക്കു പകർത്തുവാൻ സാധിക്കുകയില്ല.” * (പാശ്ചാത്യശാസ്ത്രവും മലയാളഭാഷയും – കെ. ഭാസ്‌കരൻനായർ)