ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

“നാം ജീവിക്കുന്നതു ശാസ്ത്രങ്ങളുടെ യുഗത്തിലാകുന്നു. ബാഹ്യപ്രകൃതിയുടെ സൗന്ദര്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന ശക്തിവിശേഷങ്ങളുമായി സമ്പർക്കം പുലർത്താനാണു് ആധുനികലോകം അധികം ഇഷ്ടപ്പെടുന്നതു്. ഇതിൻ്റെ ഫലമായി നാലഞ്ചുപന്തീരാണ്ടുകൾക്കിടയിൽ നൂതനങ്ങളായ എത്രയോ വിജ്ഞാനീയങ്ങളും ഉപവിജ്ഞാനീയങ്ങളും ഉയിർക്കൊണ്ടിട്ടുണ്ട്; മാത്രമല്ല, അവ അനുദിനം വളർന്നു വരുന്നുമുണ്ട്. മനുഷ്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം അഭിലഷണീയമായ ഒരു ഭാവിയുടെ വാഗ്ദാനങ്ങളാണു് ഈ ശാസ്ത്രീയോപജ്ഞാനങ്ങൾ.”

“ശാസ്ത്രോപജ്ഞാനങ്ങളെപ്പറ്റി സാമാന്യജ്ഞാനമെങ്കിലും ലഭിക്കാതെ ജീവിതത്തിൽ ശാസ്ത്രീയമായ വീക്ഷണഗതി പുലർത്തിപ്പോരുക സാദ്ധ്യമല്ല. എന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കാത്ത ഒരു സാധാരണ മലയാളിക്ക്, അഭിനവശാസ്ത്രങ്ങളുടെ കാര്യം പോകട്ടെ, പ്രായംചെന്ന ശാസ്ത്രങ്ങളെപ്പറ്റിയെങ്കിലും ഒരു സാമാന്യജ്ഞാനം ലഭിക്കാൻ എന്താണു വഴി? ഭൂഗർഭശാസ്ത്രം, അന്തരീക്ഷശാസ്ത്രം, നരവംശ വിജ്ഞാനീയം, ഊർജ്ജതന്ത്രം, രസതന്ത്രം തുടങ്ങിയ എത്രയെത്ര ശാഖകളുണ്ട് മലയാളത്തിൽ, സാധാരണക്കാരനു് തികച്ചും അനഭിഗമ്യമായി ഇന്നും കിടക്കുന്നു? സമുദായത്തിൽ സാധാരണക്കാരൻ ഇന്നു പണ്ടത്തെപ്പോലെ അവഗണിക്കപ്പെടേണ്ട ഒരു ഘടകമല്ല. ഭാവിയുടെ സംവിധാനത്തിൽ അവനു കാര്യമായ കൈയുണ്ടു്. അങ്ങനെയിരിക്കെ, അവൻ വെളിച്ചത്തിനപ്പുറത്തു നില്ക്കാൻ നിർബ്ബന്ധിതനാവുകയാണെങ്കിൽ അതു് അന്യരുടെ പേരിൽ ഒരപരാധം തന്നെയായിരിക്കും.”