ഭൗതികവിജ്‌ഞാനീയം
ടി. സി. ശങ്കരമേനോൻ: സാഹിത്യകുശലൻ ടി. കെ. കൃഷ്ണമേനോൻ്റെ പുത്രൻ ടി. സി. ശങ്കരമേനോൻ എം. എ. എഴുതിയിട്ടുള്ളതും കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ ഒരു കൃതിയാണു ‘നികുതിശാസ്ത്രം.’ പഴയ ഭരണസമ്പ്രദായങ്ങളെപ്പറ്റി കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിലും കാളിദാസകവിയുടെ ചില കൃതികളിലും നിന്നു അല്പം ചിലതൊക്കെ നാം ഗ്രഹിക്കുന്നുണ്ട്.
“പ്രജാനാമേവ ഭൂത്യർത്ഥം
സതാഭ്യോ ബലിമഗ്രഹീൽ”
“പ്രജാനാം വിനയാധാനാ-
ദ്രക്ഷണാൽ ഭരണാദപി”
എന്നിങ്ങനെ ദിലീപനെപ്പറ്റി കാളിദാസൻ പറയുന്നതു നോക്കുക. ഈദൃശ കൃത്യങ്ങളുടെ നിർവ്വഹണത്തിനു പ്രജകളിൽനിന്നു നികുതിയും അന്നു ഈടാക്കിയിരുന്നു. എന്നാൽ ഇന്നത്തെ നടപടികൾക്കും അന്നത്തെ നടപടികൾക്കും തമ്മിൽ വളരെ അന്തരമുണ്ടെന്നു പറയേണ്ടതില്ലല്ലോ. ഗവൺമെൻ്റു ചെലവുചെയ്യുന്ന സമ്പ്രദായങ്ങളും നികുതിപിരിവിൻ്റെ ക്രമവും മറ്റും ഒരു പൗരൻ എന്ന നിലയിൽ, നാമോരോരുത്തരും ഇന്നു ഗ്രഹിച്ചിരിക്കേണ്ടതാണു്. പ്രസ്തുത കൃതിയിൽ, ഇന്നത്തെ നികുതിയുടെ സ്വഭാവം, ഗുണദോഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ 40 അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. ധനശാസ്ത്രവിഷയകമായി വേണ്ടത്ര അവഗാഹം സിദ്ധിച്ചിട്ടുള്ള ഒരു പണ്ഡിതനാണു് നികുതിശാസ്ത്രത്തിൻ്റെ കർത്താവെന്നു് അതു വായിക്കുന്ന ഏതൊരാളും സമ്മതിക്കും.
