ഭൗതികവിജ്‌ഞാനീയം
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ വ്യവസ്ഥിതികൾ പലതും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതു നാം ഇന്നു കാണുന്നുണ്ടല്ലോ. ആധുനിക ശാസ്ത്രത്തിൻ്റെ വെളിച്ചം സമുദായഹൃദയങ്ങളിൽ കടന്നുചെന്നതിൻ്റെ ഫലമാണു് അത്തരം പരിവർത്തനങ്ങളെന്നതിനു സംശയമില്ല. പക്ഷേ, ശാസ്ത്രം മനുഷ്യത്വത്തെ തെല്ലും പുരോഗമിപ്പിച്ചിട്ടില്ലെന്നു പലരും പറഞ്ഞുകേൾക്കാറുണ്ടു്. അതൊക്കെ ശരിതന്നെ. എന്നാൽ അത്തരത്തിലുള്ള ഒരു സമ്മതവും അതിനുവേണ്ടിയുള്ള പരിശ്രമവും ഉന്നത സ്ഥാനങ്ങളിൽനിന്നുതന്നെ ഇന്നു് ആരംഭിച്ചുകഴിഞ്ഞിട്ടുള്ളത് എന്തുകൊണ്ടാണെന്നുകൂടി നാമാലോചിക്കേണ്ടതുണ്ട്. നൂറ്റാണ്ടു നൂറ്റാണ്ടുകളായി അരക്കിട്ടുറപ്പിച്ച വ്യവസ്ഥിതികളിൽ ബദ്ധരായിക്കഴിഞ്ഞിരുന്ന ജനസാമാന്യം ആധുനികശാസ്ത്രത്തിൻ്റെ കിരണങ്ങൾ തട്ടി അല്പാല്പം ഉദ്‌ബുദ്ധരായിത്തീർന്നു. അവർ അവരുടെ ദൈന്യവും ദുസ്സഹമായ അസമത്വവും പല രംഗങ്ങളിലും ദർശിക്കുകയായി. അതോടുകൂടി ഒരു മഹാവിപ്ലവത്തിൻ്റെ ദുർന്നിവാരമായ ചില തിരയടികളും അവരുടെ ഹൃദയസാഗരത്തിൽനിന്നുയരുവാൻ തുടങ്ങി. സാധാരണക്കാരെ അവഗണിക്കാൻ സാദ്ധ്യമല്ലെന്നുള്ള ഒരു ഘട്ടം ഇങ്ങനെ വന്നുചേർന്നപ്പോൾ, ഒഴക്കിനെതിരെ നീന്തരുതെന്നുള്ള ബുദ്ധി ഉന്നതനിലയിലുള്ള ബുദ്ധിജീവികളിലും വന്നണഞ്ഞു. ഈ മനശ്ശാസ്ത്രത്തെ ആസ്പദമാക്കിയാണ് ഇന്നത്തെ അനുകൂല മനോഭാവങ്ങൾ അധികവും വന്നണഞ്ഞിട്ടുള്ളതു്, അതിനാൽ ശുഭോന്മുഖമായ പുരോഗതിക്ക് ആധുനികശാസ്ത്രത്തിൻ്റെ പരിചയം സാധാരണനും അസാധാരണനും ഒന്നുപോലെ ആവശ്യമാണെന്നുള്ളതിൽ സംശയിക്കേണ്ടതില്ല.
ആറ്റംബോംബിൻ്റെയും ഹൈഡ്രജൻബോംബിൻ്റെയും യുഗത്തിൽ ജീവിക്കുന്ന നമുക്ക് ആവക ശാസ്ത്രങ്ങളേയും അവയുടെ ചരിത്രങ്ങളേയും കുറിച്ച് ഒന്നുമറിയാൻ സാധിക്കുന്നില്ലെങ്കിൽ, ഈ യുഗത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനോ, ചിന്തിക്കുന്നതിനോ, അവയ്ക്കു പരിഹാര മാർഗ്ഗങ്ങൾ നേടുന്നതിനോ എങ്ങനെ സാധ്യമാകും?
