ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

സി. നാരായണൻ: സാമ്പത്തിക പ്രശ്നങ്ങളെസംബന്ധിച്ചു നല്ല പോലെ ചിന്തിക്കയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണു് സി നാരായണൻ. സാമ്പത്തികോല്പാദനം വിവിധമണ്ഡലങ്ങളിലായി നടക്കുന്നതനുസരിച്ചു, കർഷകത്തൊഴിലാളികൾ, ഖനിത്തൊഴിലാളികൾ, വ്യാപാരത്തൊഴിലാളികൾ തുടങ്ങിയ വിവിധ തൊഴിലാളി വിഭാഗക്കാരെ നമുക്കു കാണാം. ഏതു രംഗത്തുള്ള തൊഴിലാളികളെയും ബാധിക്കുന്ന ചില പ്രത്യേക പ്രശ്നങ്ങളുണ്ടു്. വേതനക്രമം, പ്രവൃത്തിസമയം തുടങ്ങിയ അത്തരം പ്രശ്നങ്ങൾക്കു ശരിയായ പരിഹാരം നിർദ്ദേശിക്കേണ്ടത് സമ്പദ് വ്യസ്ഥയുടെ അഭിവൃദ്ധിക്കും, സമൂഹരംഗത്തെ സമാധാനപരമായ പുരോഗതിക്കും അനുപേക്ഷണീയമാണു്. ഭൗതികജീവിതത്തിൽ ഇന്നു വളരെ ഗൗരവാവഹമായി നിലകൊള്ളുന്ന അത്തരം വിഷയങ്ങളെ നിപുണമായി പരിശോധിക്കയും, പരിഹരിക്കപ്പെടേണ്ടവയ്ക്ക് ചില നിർദ്ദേശങ്ങൾ കുറിക്കുകയും ചെയ്യുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥമാണു് സി. നാരായണൻ്റെ ‘തൊഴിലാളികളും അവരുടെ പ്രശ്നങ്ങളും’ എന്ന കൃതി.

പി. എൻ. മൂസ്സതു് : 1112-ൽ കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ബൃഹദ് ഗ്രന്ഥമാണു് പി. എൻ. മൂസ്സതിൻ്റെ ധനതത്ത്വശാസ്ത്രം. 32 ഉപന്യാസങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മിക്കവയും ഓരോകാലത്തായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിരുന്നവയാണ്. പ്രസ്തുത പ്രബന്ധങ്ങളുടെ സമാഹാരത്തെപ്പറ്റി മഹാകവി ഉള്ളൂർ ഇങ്ങനെ പ്രസ്താവിക്കുന്നു: “423 പുറങ്ങളുള്ള ധനശാസ്ത്രതത്ത്വം ഭാഷയ്ക്ക് അമൂല്യമായ ഒരു നിധിതന്നെയാണു്. ആർക്കും മനസ്സിലാവുന്ന ഭാഷയിൽ ഔചിത്യപൂർവ്വം സാങ്കേതികപദങ്ങൾ തിരഞ്ഞെടുത്തു പ്രയോഗിച്ചു് അദ്ദേഹം ഈ പുസ്തകം സമഞ്ജസമായി നിർമ്മിച്ചിരിക്കുന്നു.”