ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

കൗടില്യൻ്റെ അർത്ഥശാസ്ത്രം: 2000 സംവത്സരങ്ങൾക്കുമുമ്പു് ചന്ദ്രഗുപ്തമൗര്യൻ്റെ മന്ത്രിസത്തമനായിരുന്ന വിഷ്ണുശർമ്മാവു് (കൗടില്യൻ, ചാണക്യൻ എന്നീ പേരുകളിലും വ്യവഹരിക്കപ്പെടാറുണ്ടു്) നിർമ്മിച്ച മഹത്തായ ഒരു രാജ്യഭരണശാസ്ത്രഗ്രന്ഥം അഥവാ നീതിശാസ്ത്ര ഗ്രന്ഥമാണു് അർത്ഥശാസ്ത്രം. അതിനു് മലയാളത്തിൽ വളരെമുമ്പുതന്നെ ഒരു വ്യാഖ്യാനമുണ്ടായിട്ടുള്ളതിനെപ്പറ്റി രണ്ടാമദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. ആദ്യത്തെ ഏഴ് അധികരണങ്ങൾക്കേ വ്യാഖ്യാനമുണ്ടായിട്ടുള്ളൂ. ഇപ്പോൾ മൂലഗ്രന്ഥത്തിൻ്റെ പൂർണ്ണമായ ഒരു വിവർത്തനവും നമുക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 1111-ൽ കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിക്കുവേണ്ടി പണ്ഡിതർ കെ. വി. വാസുദേവൻമൂസ്സാണു് ക്ലേശകരമായ ആ കൃത്യം നിർവ്വഹിച്ചിട്ടുള്ളതു്. പഞ്ചാബു സംസ്കൃത പുസ്തക ശാലയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മൂലഗ്രന്ഥം, മഹാമഹോപാദ്ധ്യായ ഗണപതിശാസ്ത്രികളുടെ സംസ്കൃത വ്യാഖ്യാനം, ആർ. രാമശാസ്ത്രികളുടെ ഇംഗ്ലീഷ് തർജ്ജിമ എന്നിവ ഈ പുതിയ വിവർത്തനത്തിനു് ആധാരമായി നിലകൊള്ളുന്നു. ഓരോ അധികരണവും അനേകം അദ്ധ്യായങ്ങളും പ്രകരണങ്ങളുമായി വിഭജിച്ചുകൊണ്ടാണു് കൗടില്യൻ അർത്ഥശാസ്ത്രം നിർമ്മിച്ചിട്ടുള്ളതു്. കെ. വി. എം.ൻ്റെ ഈ വിവർത്തനം മലയാളത്തിലെ ശാസ്ത്രഗ്രന്ഥശാഖയ്ക്ക് നല്ലൊരു മുതൽക്കൂട്ടുതന്നെ. പരിഭാഷയുടെ രീതി കാണിക്കുവാൻ ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു:

“ശിരീഷം (നെന്മേനി വാക), ഉദുംബരം, ശമി എന്നിവയുടെ ചൂർണ്ണം നെയ് ചേർത്തു സേവിക്കുന്നതു് അരമാസത്തേക്കുള്ള ക്ഷുദ്യോഗം (വിശപ്പില്ലാതാക്കുവാനുള്ള യോഗം) ആകുന്നു. കശേരു, ഉൽപലം എന്നിവയുടെ കിഴങ്ങും കരിമ്പിൻ്റെ വേരും ബിസവും (താമരവളയം) കറുകയുംകൂട്ടി പാലിലോ ഘൃതത്തിലോ (നെയ്യിന്റെ തെളി) ചേർത്തു സേവിക്കുന്നതു് ഒരു മാസത്തേക്കുള്ള ക്ഷ്യുദ്യോഗമാകുന്നു.” (ഔപനിഷദികം 14-ാമധികരണം, 2-ാം മദ്ധ്യായം, 178-ാം പ്രകരണം, പേജ് 732.)