ഭൗതികവിജ്‌ഞാനീയം
രാജനീതി: മാക്ക്യവെല്ലിയുടെ (Machiavellis) “The Prince’ എന്ന വിസ്തൃത കൃതിയുടെ ശുദ്ധവും സുന്ദരവുമായ ഒരു വിവർത്തനമാണു് പ്രഫസർ പി. സി. ദേവസ്യയുടെ ‘രാജനീതി’.
വി. ആർ. കൃഷ്ണനെഴുത്തച്ഛൻ്റെ ‘ഗ്രാമക്ഷേമം’, ഡോ. പി. ജെ. തോമസിൻ്റെ ‘കർഷകൻ്റെ കടബാദ്ധ്യത’, ആർ. കേശവൻനായരുടെ ‘പഞ്ചായത്തുകൾ’, എൻ. കെ. സുകുമാരൻ്റെ ‘പഞ്ചായത്തു് ഇന്നും നാളെയും’, എൽ. എം. തോമസിൻ്റെ ‘ഗ്രാമോദ്ധാരണം’, എം. പി. മന്മഥൻ്റെ ‘ഗ്രാമസ്വരാജ്’, കെ. എ. ദാമോദരമേനോൻ്റെ ‘രാഷ്ട്ര വിജ്ഞാനം’, സി. അച്ചുതമേനോൻ്റെ ‘സോവിയാറ്റുനാട്ട്”, പി. എൻ. മേനോൻ്റെ ‘ഇന്ത്യൻ ഭരണകൂടം’, വി.സി. ചാക്കൊയുടെ ‘രാഷ്ട്രവിജ്ഞാനീയം’, എസ്. കെ. ഡേയുടെ ‘സാമൂഹ്യവികസനം’ (വിവർത്തനം), കെ. ദാമോദരൻ്റെ ‘ചൈനയിലെ വിപ്ലവം’, കെ. വി. നാണുവിൻ്റെ ‘ഗ്രാമസൗഭാഗ്യം’, പ്ലേറ്റോയുടെ ‘റിപ്പബ്ലിക്ക്” (വിവർത്തനം) എന്നു തുടങ്ങിയ കൃതികളും ഈയവസരത്തിൽ സ്മരണീയങ്ങളാണു്.
സാമ്പത്തിക ശാസ്ത്രം: രാഷ്ട്രവിജ്ഞാനീയത്തേക്കാൾ ഒരു പടികൂടി ഉയർന്നുനില്ക്കുന്ന ഒന്നാണു് സാമ്പത്തികശാസ്ത്രം. സാമ്പത്തികപ്രശ്നം, സമ്പന്നനേയും നിർദ്ധനനേയും ഒന്നുപോലെ അഭിമുഖീകരിക്കുന്നു. സാമ്പത്തിക തത്ത്വശാസ്ത്രങ്ങൾ ഒന്നും അറിയാതെതന്നെ ഓരോ ഗൃഹത്തിലേയും ധനകാര്യമന്ത്രിമാരായിത്തീർന്നു ധനവിഷയത്തോടു മൽപ്പിടിക്കുന്നവരാണു നമ്മളിൽ മിക്കപേരും. ആ പോരാട്ടത്തിൽ അപൂർവ്വം ചിലർക്ക് വിജയവും അധികം പേർക്കും വമ്പിച്ച പരാജയവും നേരിടുകയും ചെയ്യുന്നുമുണ്ട്. ഗൃഹഭരണത്തിലെന്നപോലെ രാഷ്ട്രഭരണത്തിലും ഈ പ്രശ്നത്തിനു് വിശേഷിച്ചും ഇക്കാലത്തു്, പ്രാധാന്യമേറുന്നു. ഭക്ഷണം, ജോലി, ഭദ്രത, സ്വാതന്ത്ര്യം എന്നുതുടങ്ങിയവയ്ക്കുവേണ്ടിയാണല്ലോ ജനസഞ്ചയം എന്നും ക്ലേശിക്കുക. ഈവക കാര്യങ്ങൾ എല്ലാംതന്നെ സാമ്പത്തിക പ്രശ്നത്തിൽ ഉൾക്കൊള്ളുന്നു. പ്രസ്തുത പ്രശ്നങ്ങൾക്കു ബോധപൂർവ്വം പരിഹാരം കണ്ടെത്തണമെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിൻ്റെ സഹായം ഒഴിച്ചുകൂടാത്തതാണു്. ഈ വിഷയത്തിൽ വേണ്ടത്ര ഉത്തമഗ്രന്ഥങ്ങൾ നമുക്കിനിയും ലഭിച്ചുകഴിഞ്ഞിട്ടില്ല.
