ഭൗതികവിജ്‌ഞാനീയം
ബാലജ്യോതിഷം : പാശ്ചാത്യ ജ്യോതിശ്ശാസ്ത്രത്തെയും (Astronomy) നമ്മുടെ പഞ്ചാംഗരീതിയേയും സംബന്ധിച്ചു പ്രതിപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണ് ബാലജ്യോതിഷം അഥവാ ജ്യോതിഷബാല ബോധിനി. കരണപദ്ധതി മുതലായവയുടെ വ്യാഖ്യാതാവായ പി. കെ. കോരുവാണു ഗ്രന്ഥകാരൻ. ഒന്നാം ഭാഗത്തിൽ നക്ഷത്രഗണങ്ങളെ നോക്കി ഗ്രഹനിലകൾ അറിയുവാനുള്ള മാറ്റങ്ങൾ വിവരിക്കുന്നു. രണ്ടിൽ, പാശ്ചാത്യ സമ്പ്രദായപ്രകാരവും നമ്മുടെ പഞ്ചാംഗമനുസരിച്ചുമുള്ള ഗ്രഹങ്ങളുടെ ഗതിയും. മൂന്നിൽ വാക്യങ്ങൾ സഹിതം സുര്യചന്ദ്രന്മാരുടെ സ്ഫുടഗണനയും വിവരിച്ചിരിക്കുന്നു.
ഓട്ടോമൊബീൽ: മോട്ടോർ വണ്ടിയുടെ നിർമ്മാണം, ഘടന, മെയിന്റനൻസ്, റിപ്പെയർ എന്നിവയെപ്പറ്റിയെല്ലാം ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് കെ. എം. മത്തായിയുടെ ഓട്ടോമൊബീൽ അഥവാ മോട്ടോർവണ്ടി (പെട്രോളും ഡീസലും) ടെക്നിക്കൽ വിദ്യാർത്ഥികൾക്കാണ് ഇതു കൂടുതൽ ഉപയോഗപ്രദമായിത്തീരുക.
ജീവനും പരിണാമവും: ജീവശാസ്ത്രത്തിൻ്റെ പ്രാഥമികതത്ത്വങ്ങളെ ലളിതമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥമാണിതു്. മാത്യു വാണിശ്ശേരി, പോൾ പെരിഞ്ചേരി എന്നിവരാണു് ഗ്രന്ഥകാരന്മാർ.
സമുദായശാസ്ത്രം: ഭൗതികശാസ്ത്രങ്ങളിൽവെച്ച് ഏററവും ആധുനികമായ ഒന്നാണു് സോഷ്യോളജി (Sociology). പി. ശേഷാദ്രി അയ്യർ രചിച്ചിട്ടുള്ളതും തിരുവിതാംകൂർ സർവ്വകലാശാലയിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ പ്രസ്തുത കൃതിയിൽ രണ്ടു ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ചെറിയ ചെറിയ 16 പ്രബന്ധങ്ങളിലായി സുദായതത്ത്വങ്ങളെ വിവരിച്ചിരിക്കയാണു് ഒന്നാംഭാഗത്തിൽ. പ്രസ്തുത വിഷയത്തിൽ ഇന്നേവരെ വ്യാപരിച്ചിട്ടുള്ള ചിന്തകന്മാരുടേയും ഗവേഷകന്മാരുടേയും അഭിപ്രായങ്ങളെ 10 ചെറുപ്രബന്ധങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നു രണ്ടാം ഭാഗത്തിൽ. എളുപ്പത്തിൽ മനസ്സിലാക്കാൻകഴിയുന്ന ഒരു ലളിതശൈലിയാണു് ഗ്രന്ഥകാരൻ ഉടനീളം പ്രയോഗിച്ചിട്ടുള്ളതു്.
തിരുവിതാംകൂർ സർവ്വകലാശാലയിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള പി.ബാലകൃഷ്ണപിള്ളയുടെ മാനുഷോദയം (Anthropology), മാത്യു എം. കുഴിവേലിയുടെ ആകാശസഞ്ചാരം (Conquest of Air), ഡോ. എൽ. ഏ. രവിവർമ്മയുടെ ആരോഗ്യമാർഗ്ഗങ്ങൾ (Health). ഡോ. ഭാസ്‌കരൻനായരുടെ പരിണാമം (Evolution), മേക്കൊല്ല പരമേശ്വരൻപിള്ളയുടെ ശിശുഹൃദയം (Child Psychology) തുടങ്ങിയ കൃതികളും ഈയവസരത്തിൽ അനുസ്മരണീയങ്ങളത്രെ.
