ഭൗതികവിജ്‌ഞാനീയം
പി. ടി. ഭാസ്കരപ്പണിക്കർ : സയൻസിൻ്റെ സന്ദേശം, സയൻസിൻ്റെ സംഭാവന. ജീവൻ്റെ ഉത്ഭവം, മനുഷ്യനെന്ന യന്ത്രം, മുന്നേറുന്ന സയൻസ്, ശാസ്ത്രപരിചയം തുടങ്ങിയ അനേകം ലഘുകൃതികൾ ഭാഷയ്ക്കു സംഭാവനചെയ്തിട്ടുള്ള ഒരു ഭാഷാസ്നേഹിയാണു് ഭാസ്കരപ്പണിക്കർ. ‘ശാസ്ത്രപരിചയ’ത്തിൽ ആധുനികശാസ്ത്രത്തിൻ്റെ വിവിധശാഖകളെ സംബന്ധിച്ച ഏതാനും ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു. ആഹാരം, ആറ്റം ശക്തി, രോഗവും ചികിത്സയും, മനശ്ശാസ്ത്രം എന്നിവയെ ആസ്പദമാക്കിയുള്ള പ്രതിപാദനമാണു് അതിലുള്ളതു്.
സി. ആർ. നാരായണൻ: ശാസ്ത്രീയോപന്യാസങ്ങൾ, അത്ഭുതകരമായ ആകാശം എന്നു തുടങ്ങിയ കൃതികൾ നിർമ്മിച്ചിട്ടുണ്ട്.
ടി. കെ. ജോസഫ്: ചരിത്രഗവേഷകൻ, ബഹുഭാഷാപണ്ഡിതൻ, വാനശാസ്ത്രവിശാരദൻ എന്നിങ്ങനെ വിവിധ നിലകളിൽ ഭാഷാമണ്ഡലത്തിൽ പ്രസിദ്ധിനേടിയിരുന്ന ഒരു വ്യക്തിയാണു് ടി. കെ. ജോസഫ്, വാനവിലാസം, വൈദ്യുതീവിലാസം, സൂര്യസാമ്രാജ്യം എന്നിവ അദ്ദേഹത്തിൻ്റെ ശാസ്ത്രഗ്രന്ഥങ്ങളാണു്. വൈദ്യുതീവിലാസത്തിൽ 12 അദ്ധ്യായങ്ങളിലായി വിദ്യുച്ഛക്തി സംബന്ധമായ അനേകം ആധുനിക കണ്ടുപിടുത്തങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. വിഷയ വൈശദ്യത്തിനുവേണ്ടി 125-ൽപരം ചിത്രങ്ങളും യഥാസ്ഥാനം ചേർത്തിട്ടുണ്ടു്. ഏതു വിഷയവും – അധികവും ഗൗരവമേറിയ വിഷയങ്ങളെ അദ്ദേഹം പ്രതിപാദിക്കാറുണ്ടായിരുന്നുള്ളു – അയത്നലളിതമായി ചിത്രണം ചെയ്യാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.* (ചെങ്ങന്നൂർ സ്വദേശിയായ ടി. കെ. ജോസഫ് 1963 മെയ് 8-ാം തീയതി 81-ാമത്തെ വയസ്സിൽ സ്വഗൃഹത്തിൽവെച്ചു നിര്യാതനായി.)
കെ. സി. ചാക്കൊ: ആധുനിക ശാസ്ത്രവിഷയങ്ങളെപ്പറ്റി പ്രഗല്ഭമായി പ്രതിപാദിക്കാൻ കഴിവുറ്റ ഒരു പണ്ഡിതനാണു് കെ. സി. ചാക്കൊ. വിദ്യുച്ഛക്തി, ജലസേചനം തുടങ്ങിയ കൃതികൾ അതിനു ഉത്തമോദാഹരണങ്ങളുമാണു്.
ജ്യോതിർവിവരണം: നാലു ദശാബ്ദങ്ങൾക്കു മുമ്പു് കെ. കണ്ണൻ നായർ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു കൃതിയാണിതു്. ഗോളം, ഗണിതം മുതലായ വിഷയങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. സൗരയൂഥത്തെപ്പറ്റി പറയുന്ന ഭാഗം കൂടുതൽ ശ്രദ്ധേയമാണു്.
