ഗദ്യസാഹിത്യചരിത്രം. ഇരുപത്തൊന്നാമദ്ധ്യായം

ഭൗതികവിജ്‌ഞാനീയം

എം. ബാലരാമമേനോൻ: സാഹിത്യകുശലൻ പുത്തേഴത്തു രാമമേനോൻ്റെ ദ്വിതീയപുത്രനാണു് എം. ബാലരാമമേനോൻ എം. എ. മലയാളഭാഷയുടെ ശാസ്ത്രശാഖയിലേക്കു് അദ്ദേഹത്തിൽനിന്നും ചില സംഭാവനകൾ ഉണ്ടായിട്ടുണ്ട്. പരമാണുചരിതം, ശാസ്ത്രദീപിക തുടങ്ങിയ കൃതികൾ അങ്ങനെയുള്ളവയാണു്. പരമാണുവിൻ്റെ സംഭവബഹുലമായ ചരിതമാണു് പരമാണുചരിത (Story of the Atoms)ത്തിൽ ഉള്ളതു. അതിസൂക്ഷ്മമായ ഒരു പരമാണു അരനിമിഷത്തിനുള്ളിൽ ലോകം മുഴുവൻ ഭസ്മീകരിക്കുവാൻ മതിയായ ആററംബോംബായി മാറുന്നതെങ്ങനെയെന്നു അനേകം ചിത്രങ്ങളോടുകൂടി വിവരിക്കുന്ന ഈ കൃതി പഠിച്ചറിയേണ്ടതാണ്. പ്രമേയത്തെ 12 വിഭാഗങ്ങളായി തിരിച്ചു ക്രമപ്പെടുത്തി ഓരോന്നും സരസമായി പ്രതിപാദിച്ചിരിക്കുന്നു. ആറ്റംബോംബിൽനിന്നു് ഹൈഡ്രജൻബോംബിലേക്ക് എന്നു തുടങ്ങിയ പത്തുഉപന്യാസങ്ങളാണു് ശാസ്ത്രദീപ്തിയിലുള്ളത്.

എം. സി. നമ്പൂതിരിപ്പാട് : സയൻസിൻ്റെ വികാസം, സയൻസിൻ്റെ വെളിച്ചത്തിൽ, ഭൂമിയുടെ ആത്മകഥ, ശാസ്ത്രദൃഷ്ടിയിലൂടെ ഇത്തരത്തിലുള്ള അനേകം കൃതികൾ രചിച്ചിട്ടുള്ള ഒരു ശാസ്ത്രസാഹിത്യകാരനാണു് എം. സി. നമ്പൂതിരിപ്പാട്’. ‘സയൻസിൻ്റെ വികാസം’ എന്ന കൃതി രണ്ടു ഭാഗമായി തിരിച്ചു. ഒന്നാം ഭാഗത്തിൽ സയൻസ് എന്നാൽ എന്തു്? എന്ന ചോദ്യത്തിനു ചില വിവരണങ്ങൾ നല്കുന്നു. രണ്ടാം ഭാഗത്തിൽ, ആറ്റംബോംബ് തുടങ്ങിയ സയൻസിൻ്റെ നേട്ടങ്ങളെ വിവരിക്കുന്നു. ഭൂമി അതിൻ്റെ കുടുംബചരിത്രം മുതൽ ഭാവിവരെയുള്ള കാര്യങ്ങൾ സരസമായി പ്രതിപാദിച്ചിരിക്കയാണ് ‘ഭൂമിയുടെ ആത്മകഥയിൽ’. ജ്യോതിശ്ശാസ്ത്രസംബന്ധമായ തത്ത്വങ്ങൾ ഇതുപോലെ സുഗമമായി പ്രതിപാദിച്ചിട്ടുള്ള ലഘുകൃതികൾ ഭാഷയിൽ അധികമില്ല.