ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
“സംസ്കൃതഹിമഗരിഗളിതാ
ദ്രാവിഡവാണീകളിൽജാമിളിതാ
കേരളഭാഷാഗംഗാ വിഹരതു
മമഹൃത്സരസ്വദാ സംഗാ”
എന്നു മംഗളശ്ലോകത്തിലും.
“ആര്യദ്രാവിഡവാഗ്‌ജാതാ-കേരളീയോക്തികന്യകാ
ഏതത്സുക്തവരാരോഹാ-പ്രസ്തുതാം പ്രൗഢസമ്മദം”
എന്നു് ഭാഷാഗമത്തിലും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. എന്നാൽ ഉച്ചാരണത്തെപ്പറ്റി പറയുന്ന അടുത്ത കാരികയിൽ,
“സംസ്കൃതോച്ചാരണം പ്രായ-സ്സൽകൃതം കേരളോക്തിയിൽ
എങ്കിലും താവഴിക്കത്രേ-തങ്കലേ രീതിയൊക്കയും”
എന്നു പറയുന്നുമുണ്ട്. അതനുസരിച്ച് ഇവിടത്തെ മരുമക്കത്തായരീതിയിൽ ഭാഷയുടെ രീതിയും മറ്റും തമിഴ്‌മുറയ്ക്കുതന്നെയാണെന്നു വെളിപ്പെടുത്താതെയുമിരിക്കുന്നില്ല. എങ്കിലും സംസ്കൃത നിയമങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നല്കിയിട്ടുള്ളതു്. അതുകൊണ്ടുതന്നെയാണ് ഇതു മലയാളത്തിനു് അധികം പ്രയോജനപ്പെടാതെ പോയതും. പത്തു പതിന്നാലു് അലങ്കാരങ്ങളെപ്പറ്റിയും ഏതാനും വൃത്തങ്ങളെപ്പറ്റിയും ഇതിൽ വിവരിക്കുന്നുണ്ട്. ദ്രാവിഡവൃത്തങ്ങളെപ്പറ്റിയുള്ള –വിശേഷിച്ചും മലയാള വൃത്തങ്ങളെപ്പറ്റിയുള്ള പ്രസ്താവം, കേരളകൗമുദിയിലാണു് ആദ്യമായി കാണുന്നതെന്നുള്ള വസ്തുത, പ്രത്യേകം പ്രസ്താവയോഗ്യമാണു്.
