ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
മലയാള ഭാഷയ്ക്കു മലയാള ഭാഷയിൽ മലയാളിയാൽ രചിക്കപ്പെട്ട ഒന്നാമത്തെ വ്യാകരണം ഗീവറുഗീസ് കത്തനാരുടേതു തന്നെയാണെന്നു തോന്നുന്നു.
കേരള ഭാഷാവ്യാകരണം: വൈക്കത്തു പാച്ചുമൂത്തതു് 1051-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു വ്യാകരണമാണിതു്.” “മലയാള ഭാഷയ്ക്കു സംസ്കൃതരീതിയെ മുഖ്യമായി അനുസരിച്ചു വ്യാകരണം എഴുതുന്നു” എന്നു പ്രസ്തുത കൃതിയിൽ പറഞ്ഞുകാണുന്നു. അത്തരത്തിലുള്ള ഒരു വ്യാകരണം മലയാള ഭാഷയുടെ സ്വാഭാവികതയ്ക്കു ചേർന്നതല്ലെന്നു വ്യക്തമാണല്ലോ. എങ്കിലും അതിലെ പല അംശങ്ങളും വിജയങ്ങളാണ്.
കേരളകൗമുദി: പാച്ചുമൂത്തതിൻ്റെ കൃതിക്കുശേഷം, 1053-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു സുപ്രസിദ്ധ മലയാള വ്യാകരണമാണു് കോവുണ്ണി നെടുങ്ങാടിയുടെ ‘കേരളകൗമുദി’. നെടുങ്ങാടി വടക്കൻ പറവൂരിൽ സർക്കാർ വക്കീലായിരുന്ന കാലത്തായിരുന്നു പ്രസ്തുത കൃതിയുടെ രചന. അതു് 1053-ൽ, അന്നു് കൂനമ്മാവിങ്കലുണ്ടായിരുന്ന അച്ചുകൂടത്തിൽനിന്നത്രെ പ്രസിദ്ധപ്പെടുത്തിയതു്. ഗ്രന്ഥാവസാനത്തിൽ ഗ്രന്ഥസ്വരൂപത്തെപ്പറ്റി പറയുന്നിടത്തു രചനാകാലത്തെയും സൂചിപ്പിക്കുന്നുണ്ട്.
“വർണ്ണം പേർ പൊരുൾ സന്ധിശബ്ദപദവും നാമം ക്രിയാചാവ്യയം
വർണ്ണം വാക്യസമാസവൃത്തവുമലങ്കാരം തഥാ ധാതുവും
നിർണ്ണീതിശ്ച കലാക്രമാദുപചിതാ ലോകൈരിയം ദ്വ്യഷ്ടിഭി
പൂർണ്ണാ കേരളകൗമുദീഹ കുരുതാം കല്യാണ സഖ്യോദയം.’
വ്യാഖ്യാനം: വർണ്ണം മുതൽ (അക്ഷാരലോകം മുതൽ) നിർണ്ണിതി വരെ (അഭ്യാസാലോകംവരെ) പതിന്നാലോകങ്ങളിൽ ശുക്ലപ്രഥമ മുതൽ ഓരോ കലാനുരൂപം വർദ്ധിച്ചുവരുന്നതുപോലെ ഈ കേരളകൗമുദി ഇന്നു പൂർണ്ണയായി. ഇതു കല്യാണ സൗഖ്യങ്ങളുടെ ആവിർഭാവത്തെ ചെയ്യുമാറാകട്ടെ. കല്യാണസൗഖ്യോദയശബ്ദത്തിന്നു പരല്പേരു പ്രകാരം, 1817511 എന്ന കലിദിന സംഖ്യയും അതനുസരിച്ചു് കൊല്ലം 1050 മിന മാസം 16-ാം തീയതി എന്നും കിട്ടുന്നു.
ഗുണ്ടർട്ട്, ഗീവറുഗീസുകത്തനാർ, ഗാത്തുവെയ്റ്റ് തുടങ്ങി പൂർവ്വന്മാരെ ആവുന്നത്ര ആദരിച്ചുകൊണ്ടാണു് കൗമുദി രചിക്കുന്നതെന്നു ഗ്രന്ഥകാരൻ ആരംഭത്തിലുള്ള അവതാരികാപഞ്ചകത്തിൽ പ്രസ്താവിക്കുന്നുണ്ടു്. അക്കാലംവരെ ഉണ്ടായിട്ടുള്ള മലയാള വ്യാകരണഗ്രന്ഥങ്ങളിൽ ഏതുകൊണ്ടും കേരളകൗമുദി പ്രഥമ സ്ഥാനമർഹിക്കുന്നു. ഒരു ന്യൂനത സംഭവിച്ചിട്ടുള്ളത് മലയാളഭാഷയുടെ പിതൃത്വം സംസ്കൃതത്തിനു നല്കിയെന്നുള്ളതാണു്.
