ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

മലയാണ്മയുടെ വ്യാകരണം: ഗുണ്ടർട്ട്, ഗാർത്തുവെയ്റ്റ് എന്നിവരുടെ വ്യാകരണങ്ങൾക്കുശേഷം ഉണ്ടായ ഒരു വിശിഷ്ടകൃതിയാണു് ‘മലയാണ്മയുടെ വ്യാകരണം’. ചെങ്ങന്നൂർ സ്വദേശിയായ ജോർജു മാത്തൻ അഥവാ ഗീവറുഗീസ്‌ കത്തനാരാണു് പ്രസ്തുത കൃതിയുടെ പ്രണേതാവ്. 1863-ൽ ആയിരുന്നു വ്യാകരണത്തിൻ്റെ പ്രസിദ്ധീകരണം. എന്നാൽ അതിനു് ഒരു പന്തീരാണ്ടുമുമ്പെ അതു് എഴുതിക്കഴിഞ്ഞതായി പറയപ്പെടുന്നു. ഗുണ്ടർട്ടിൻ്റെ വ്യാകരണത്തിനു സിദ്ധിച്ച പ്രചാരമൊന്നും ഇതിനുണ്ടായിട്ടില്ല. ആകെ ഇരുന്നൂറു പ്രതികൾ മാത്രമേ അച്ചടിച്ചുള്ളു. അതിൽ നൂറുകോപ്പി ദിവാൻ സർ ടി. മാധവറാവു സർക്കാരിലേക്കു വിലയ് ക്കെടുത്തു. ബാക്കി 100 പ്രതികൾ മാത്രമേ കേരളമൊട്ടുക്കു പ്രചരിച്ചുള്ളു. ഒരു ഇരുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് മൂവാറ്റുപുഴ വാഴക്കുളത്തു വലിയവിട്ടിൽ ജോസഫ്‌കത്തനാരുടെ ഒരു ഗ്രന്ഥശേഖരത്തിൽ നിന്നാണു പ്രസ്തുത വ്യാകരണഗ്രന്ഥം ഈ ലേഖകനു കാണുവാൻ കഴിഞ്ഞതു്. 200-ൽ പരം പേജുകളുള്ള ആ പുസ്തകം ചെറിയ ടൈപ്പുകളിലാണു് അച്ചടിച്ചിട്ടുള്ളത്. ഒരുവിധം വലിയ അച്ചുകളിൽ അടിച്ചാൽ കേരളപാണിനീയത്തെക്കാൾ വലുതായിത്തീരുമെന്നു തോന്നുന്നു.

മലയാള വ്യാകരണങ്ങളിൽ ചിഹ്നങ്ങളെപ്പറ്റിയുള്ള ആദ്യ പ്രസ്താവം ആ ഗ്രന്ഥത്തിലാണു കാണുന്നതു്. എന്നാൽ പ്രസ്തുത കൃതിയിൽ മീത്തൽ (സംവൃതോകാരം) ഒരിടത്തും ഉപയോഗിച്ചുകാണുന്നില്ല. ഐ. ഔ എന്നിവയെ ദ്വിത്വാക്ഷരങ്ങളായി അദ്ദേഹം സങ്കല്പിച്ചിരിക്കുന്നു. വ്യാകരണത്തിൽ പ്രതിപാദിക്കപ്പെടുന്ന ഓരോ തത്വവും പ്രസ്ഫുടമാക്കുന്നതിനു പറ്റിയ വിവരണങ്ങളും ദൃഷ്ടാന്തങ്ങളും ഈ ഗ്രന്ഥത്തിൻ്റെ ഒരു മേന്മയാണു. അതിലെ ഒരു ഭാഗം നോക്കുക:

“വ്യാകരണം ഒരു ശാസ്ത്രമായിട്ടും ഒരു സൂത്രമായിട്ടും ഇങ്ങനെ രണ്ടു ഭാവത്തിൽ വിചാരിക്കപ്പെടുന്നു. ഒരു ഭാഷയെ അറിഞ്ഞിട്ടില്ലാത്തവർക്കു അതിനെ എളുപ്പത്തിൽ പഠിച്ചുകൊള്ളുന്നതിനു ചില പ്രമാണങ്ങളെ കല്പിക്കുന്നതാകയാൽ അതു ഒരു സൂത്രമാകുന്നു. ചാർത്തുപടികൊണ്ടും പരിജ്ഞാനം കൊണ്ടും ഇന്ന രോഗത്തിനു ഇന്നമരുന്നു കൊള്ളുമെന്നു മനുഷ്യർക്കു അറിവാൻ കഴിയുന്നതാകുന്നു; എങ്കിലും നിദാനം മുതലായതു നോക്കി രോഗങ്ങൾ ഉത്ഭവിക്കുന്നതിനുള്ള കാരണങ്ങളും ഗുണപാഠത്തിൽ നിന്നും മറ്റും ഔഷധങ്ങളുടെ വിര്യവും അറിയാത്തവർക്കു നല്ല ചികിത്സക്കാരാകുവാൻ കഴികയില്ല. എന്തെന്നാൽ തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പടുതിയിൽ രോഗം മാറിക്കാണുമ്പോൾ കാരണം നോക്കി രോഗം നിശ്ചയിപ്പാൻ അവർക്കു കഴിയാത്തതുതന്നെയല്ല, തങ്ങൾ കൊള്ളുമെന്നുകണ്ടു അറിഞ്ഞിരിക്കുന്ന മരുന്നല്ലാതെ അതിന്നു പകരം മറ്റൊന്നു കൊള്ളിക്കുന്നതിന്നും അവർക്കു വിവരമില്ല. അപ്രകാരം തന്നെ വ്യാകരണവിദ്യയില്ലാത്തവരും നടപ്പായുള്ള കാര്യങ്ങളെക്കുറിച്ചു തെറ്റുകൂടാതെ ഒരുവേള പറയുകയും എഴുതുകയും ചെയ്യുമായിരിക്കും; എങ്കിലും യുക്തികളും വിസ്താരങ്ങളും അടങ്ങിയിരിക്കുന്ന സംഗതികളെക്കുറിച്ചു അവർക്കു മുറപോലെയും തെളിവായിട്ടും പറകയോ എഴുതുകയോ ചെയ്യുന്നതിനു കഴികയില്ല. ആകയാൽ അത്രേ മലയാഴ്‌മയിൽ നല്ല വാചകങ്ങൾ ചുരുക്കമായിരിക്കുന്നത്.”