ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
വ്യാകരണ ചോദ്യോത്തരം: മദിരാശി സംസ്ഥാനത്തിലെ സ്‌കൂൾ ഇൻസ്പെക്ടരായിരുന്ന എൽ. ഗാത്തുവെയ്ററ് ബി. എ. പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘വ്യാകരണചോദ്യോത്തരം’, ഗുണ്ടർട്ടിൻ്റെ മലയാള വ്യാകരണത്തെ പരിഷ്ക്കരിച്ചു ക്രമപ്പെടുത്തി വിപുലമാക്കിയിട്ടുള്ളതാണു് പ്രസ്തുത കൃതി. “ഗുണ്ടർട്ടിന് നൂലു പരികലനം ചെയ്തിതാഗ്ഗാർത്തു വെയ്റ്റും” എന്നു കോവുണ്ണി നെടുങ്ങാടി ‘കേരളകൗമുദി’യിൽ പ്രസ്താവിച്ചിട്ടുള്ളതു നോക്കുക. അക്ഷരകാണ്ഡം, പദകാണ്ഡം, വാക്യകാണ്ഡം എന്നിങ്ങനെ മൂന്നായി വിഭജിച്ചുകൊണ്ടുതന്നെയാണു് ഇതും നിർമ്മിച്ചിട്ടുള്ളതു്. മലയാളവ്യാകരണ ചോദ്യോത്തരം ആരംഭിക്കുന്നതിങ്ങനെയാണു്:
I അക്ഷരകാണ്ഡം.
- മലയാളഭാഷയുടെ അക്ഷരങ്ങൾ എത്രവിധം ഉള്ളവ?
സ്വരങ്ങൾ ആകുന്ന ഉയിരുകൾ, വ്യഞ്ജനങ്ങൾ ആകുന്ന മെയ്ക്കൾ ഈ രണ്ടുവിധം അക്ഷരങ്ങൾ ഉള്ളവ.
- സ്വരങ്ങൾ ആകുന്ന ഉയിരുകൾ ഏവ?
കേരളപാണിനീയം പ്രചാരത്തിൽ എത്തുന്നതിനു മുമ്പുവരെ കേരളത്തിൽ, വിശേഷിച്ച് മലബാറിലും കൊച്ചിയിലും പ്രസ്തുത കൃതി പാഠ്യപുസ്തകമായി വളരെക്കാലം ഉപയോഗിച്ചിരുന്നു. ഈ ലേഖകൻ്റെ കൈവശമുള്ള പ്രതി 1905-ൽ പത്താംപതിപ്പായി 4000 കോപ്പികൾ അച്ചടിച്ചിട്ടുള്ളതിൽ ഉൾപ്പെട്ടതായി കാണുന്നതിൽനിന്നു്, അതിനു്അക്കാലങ്ങളിൽ എത്രത്തോളം പ്രചാരമുണ്ടായിരുന്നുവെന്നു് ഊഹിക്കാവുന്നതാണല്ലോ.
