ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
“1. മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിൻ്റെ ഒരു ശാഖ ആകന്നു. അതു തെലുങ്കു, കർണ്ണാടകം, തുളു, കുടക് മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോടു് ഒത്തുവരികയാൽ, ഉപഭാഷയത്രെ; എങ്കിലും ബ്രാഹ്മണർ ഈ കേരളത്തെ അടക്കിവാണു, അനാചാരങ്ങളെ നടപ്പാക്കി, നാട്ടിലെ ശൂദ്രരുമായി ചേർന്നുപോയതിനാൽ, സംസ്കൃത ശബ്ദങ്ങളും വാചകങ്ങളും, വളരെ നുഴഞ്ഞുവന്നു. ഭാഷയുടെ മൂലരൂപത്തെ പലവിധത്തിലും മാറ്റിയിരിക്കുന്നു.
2. ഇങ്ങനെ കാലക്രമത്തിൽ ഉണ്ടായ കേരളഭാഷയുടെ വ്യാകരണം ചമപ്പാൻ സംസ്കൃതവ്യാകരണവും തമിഴുനന്നൂൽ മുതലായതും നോക്കീട്ടുവേണം; എങ്കിലും ഭാഷയിൽ ആക്കിയ മഹാഭാരതം, രാമായണം, പഞ്ചതന്ത്രം, വേതാളചരിത്രം, ചാണക്യസൂത്രം, രാമചരിതം മുതലായതിൻ്റെ പദ്യവും, കേരളോല്പത്തി, കണക്കുസാരം, വൈദ്യശാസ്ത്രം തുടങ്ങിയുള്ളതിൻ്റെ ഗദ്യവും അനുഭവത്തിനും ഉദാഹരണത്തിനും പ്രമാണം എന്ന് തോന്നിയിരിക്കുന്നു.
3. വ്യാകരണം 3 കാണ്ഡമാക്കി ചൊല്ലുന്നു. ഒന്നാമത്: അക്ഷരകാണ്ഡം; രണ്ടാമത്: പദകാണ്ഡം; മൂന്നാമത്: വാചക കാണ്ഡംതന്നെ.”
ഗുണ്ടർട്ട് വ്യാകരണത്തിൻ്റെ ഒന്നാം പതിപ്പ് 1851- ലാണു് മംഗലാപുരത്തു ബാസൽ മിഷ്യൻ പ്രസ്സിൽനിന്നും പ്രസിദ്ധപ്പെടുത്തിയതു്. പിന്നീടതിനു വിദ്യാർത്ഥികളുടെ ആവശ്യത്തെ മുൻനിറുത്തി ചില പതിപ്പുകൾ ഉണ്ടായിട്ടുണ്ടു്. ഇന്നും ഉയർന്ന ക്ലാസ്സുകളിൽ പാഠ്യപുസ്തകമാക്കാവുന്ന ഒരു മലയാളവ്യാകരണമാണതു്. ഭാഷാ ശാസ്ത്രജ്ഞന്മാർക്കു കണ്ടറിയുവാൻ കഴിയാവുന്ന വിലപ്പെട്ട പല കാര്യങ്ങളും അതിൽ നിഗൂഹനം ചെയ്തിട്ടുണ്ടു്. പ്രസ്തുത വ്യാകരണത്തിൻ്റെ പുതിയ ഒരു പതിപ്പു് 1962-ൽ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും പ്രസ്താവയോഗ്യമാണു്.
