ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

കടങ്കഥകൾ: ഭാരതീയരുടെ അറുപത്തിനാലു കലാവിദ്യകളിൽ ഒന്നാണു് ‘പ്രഹേളിക’. ക്രീഡാസഭകളിൽവെച്ചു വിനോദത്തിനുവേണ്ടി പ്രയോഗിക്കപ്പെടാറുള്ള ഒരുതരം കവിതയെന്നാണു് ‘കാവ്യാദർശ’ ത്തിൽ അതിനെപ്പറ്റി വിവരിച്ചുകാണുന്നതു്. വിനോദ സഭകളിൽവച്ചു പ്രഹേളികകൾ അറിയുന്നവരോടുകൂടി ഗൂഢസംഭാഷണം ചെയ്യുന്നതിനും, മറ്റുള്ളവരെ വ്യാമോഹിപ്പിക്കുന്നതിനും അതു് ഉപയോഗപ്പെടുത്തുന്നു. മലയാളത്തിലെ കടങ്കഥകളും ഫല പ്രയോഗത്തിൽ ഏതാണ്ടിതുതന്നെയാണു ചെയ്യുന്നതു്. എല്ലാം ഗൂഢാർത്ഥവാക്യങ്ങളാണു്; മാനസിക വിനോദത്തിനു പറ്റുന്നവയുമാണു്. “കടങ്കഥകൾ ചോദിച്ചു പ്രതിയോഗിയെ മൂകനാക്കി അയാളെക്കൊണ്ടു കടം മുളിക്കുന്നതു്, അക്ഷരശ്ലോകം ചൊല്ലി അച്ചുമൂളിക്കുന്നതുപോലെ രസകരമായ ഒരു വ്യാപാരമാകുന്നു” എന്നു് ഉള്ളൂർ മഹാകവി ഇതിനെപ്പറ്റി പ്രസ്താവിക്കുന്നു. കടം പറയിക്കുന്ന കഥകൾപോലെയുള്ള പ്രയോഗങ്ങളാകകൊണ്ടായിരിക്കാം ഇവയ്ക്കു കടം കഥകൾ എന്നു പേരു വന്നതു്. പഴഞ്ചൊല്ലുകളെപ്പോലെതന്നെ ശേഖരിക്കപ്പെടേണ്ടവയാണു് കടങ്കഥകളും, ഏകദേശം നാലു ദശാബ്ദങ്ങൾക്കുമുമ്പുള്ള ഭാഷാപോഷിണി മാസികയിൽ കുറെയെല്ലാം പ്രസിദ്ധപ്പെടുത്തിയിരുന്നുവെന്നാണു് എൻ്റെ ഓർമ്മ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ ചിലപ്പോൾ ചിലതൊക്കെ പ്രസിദ്ധപ്പെടുത്തിവരുന്നുണ്ട്. ബാലസാഹിത്യത്തിൽ ഇവയ്ക്കും ഒരു സ്ഥാനം നല്കാവുന്നതുതന്നെയാണു്. എന്തുകൊണ്ടെന്നാൽ വിനോദത്തിലൂടെ വിജ്ഞാനം വളർത്തുവാൻ കടങ്കഥകൾക്കു ശക്തിയുണ്ട്. ബാലമനസ്സുകളെ ആനന്ദിപ്പിക്കുവാനും, ഭാവനയുടെ അന്തരീക്ഷത്തിലേക്ക് ഉയർത്തുവാനും ഇതുപോലെ ഉപകരിക്കുന്ന സാഹിത്യപ്രസ്ഥാനം മറ്റൊന്നില്ലെന്നുതന്നെ പറയാം. കാലം കടങ്കഥകളെ അവഗണിക്കുന്നുവെങ്കിലും – അവ പ്രചാരലുപ്തങ്ങളായിത്തീരുന്നുവെങ്കിലും അവയുടെ –നിത്യനൂതനമായ അഭിരാമതയെ നശിപ്പിക്കുവാൻ കാലത്തിനും ഇതേവരെ കഴിഞ്ഞിട്ടില്ല. ചിലതു നോക്കുക:

ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി (നക്ഷത്രങ്ങൾ). അങ്ങേ വീട്ടിലെ മുത്തിയമ്മയ്ക്ക് ഇങ്ങേ വീട്ടിലെ മുറ്റമടി (ഇല്ലി). കാള കിടക്കും കയറോടും (മത്തങ്ങയും തണ്ടും). ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി (പേൻ).

ഇനിയും മനോഹരമായ ചില വാങ്‌മയങ്ങൾകൂടി നോക്കുക:

പിന്നാലെ വന്നവൻ മുന്നാലെ പോയി (പല്ല്). കൂടപ്പിറന്നവൻ വേഷം ധരിച്ചു (തലമുടി). കാട്ടിൽ കിടന്നവൻ കൂട്ടായിവന്നു (ഊന്നുവടി). ദൂരത്തിരുന്നവൻ ചാരത്തുവന്നു (കാഴ്ച) (ഒരു വൃദ്ധൻ്റെ അവസ്ഥ).

കൊക്കിരിക്കെ കുളം പറ്റിപ്പറ്റി (വിളക്കു കത്തുന്നതു്). ചെമന്നതു തിന്നു, വെളുത്തതു തുപ്പി (ആഞ്ഞിലിച്ചക്കക്കുരു). ചില്ലിക്കൊമ്പത്തെ മഞ്ഞപ്പക്കി (കപ്പൽമാങ്ങ). ഒരമ്മ പെറ്റവരെല്ലാം തൊപ്പിയിട്ട മക്കൾ (പാക്ക്). കല്ലേൽ തലതല്ലി, പുല്ലേൽ മുട്ടയിട്ടു, തോളേൽ തൂക്കിയിട്ടു, നാടെല്ലാം കൊണ്ടു നടന്നു (അലക്ക്). അമ്മ കിടക്കും മകളോടും (അമ്മിയും കുഴവിയും). അമ്മയ്ക്കു വയറിളക്കം. മകൾക്കു തലകറക്കം (തിരികല്ല്). ഇല്ലത്തമ്മ കുളിച്ചുവരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി (വെള്ളം തിളയ്ക്കുന്നതു്). അകം എല്ലും കോലും, പുറം പൊന്തം പൊന്തം (വൈക്കോൽത്തുറു).