ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

പഴഞ്ചൊൽ മാലിക: മംഗലാപുരം ബാസൽമിഷ്യൻ പ്രസ്സിൽ നിന്നു 1906-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. ഇംഗ്ലീഷിലും മലയാളത്തിലും തുല്യമായിരിക്കുന്ന പഴഞ്ചൊല്ലുകളാണു് പഴഞ്ചൊൽ മാലികയിലുള്ളതു്, അകാരാദിക്രമത്തിൽ 332 പഴഞ്ചൊല്ലകൾ അതിൽ സമാഹരിച്ചിരിക്കുന്നു. അവയുടെ ഇംഗ്ലീഷ് പഴഞ്ചൊല്ല്കൾ ഇംഗ്ലീഷിലും. അതിലെ ആദ്യവസാനങ്ങൾ ഇവിടെ ഉദ്ധരിക്കാം.

(1) അകത്തു കത്തിയും പുറത്തു പത്തിയും.

A fair face may hide a foul heart.

(332) ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ.

When you are at Rome, do as Romans do.

രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ: കെ. ടി. ചാക്കുണ്ണികശീശ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് (1957) പ്രസ്തുത കൃതി. കേരളത്തിൽ സാർവ്വത്രീകമായി ചിതറിക്കിടക്കുന്ന അനേകം പഴഞ്ചൊല്ലുകൾ ഇതിൽ സമാഹരിച്ചിരിക്കുന്നു. പൈലോപോളിൻ്റെ പഴഞ്ചൊല്ലുകൾ, പഴഞ്ചൊൽമാലിക മുതലായ കൃതികൾ ഇവിടെ സമ്പാദകനു സഹായകമായിത്തീർന്നിട്ടുണ്ടെന്നു തോന്നുന്നു. അകാരാദിക്രമത്തിനു് എല്ലാം ക്രമപ്പെടുത്തിയിട്ടുണ്ട്. ഒന്നാമത്തേതും ഒടുവിലത്തേതും ഇവിടെ ചേർക്കുന്നു:

(i) അടി തെറ്റിയാൽ ആനയും വീഴും.

(2001) ക്ഷേത്രപാലകനു പാത്രത്തോടെ.

പഴഞ്ചൊല്ലുകൾ: വെള്ളങ്കുളത്തു കരുണാകരൻ നായർ സമ്പാദിച്ചിട്ടുള്ളതാണിതു്. പഴഞ്ചൊൽ മാലികയിലെപ്പോലെ. മലയാളത്തിലും ഇംഗ്ലീഷിലും തുല്യമായിട്ടുള്ള ആയിരത്തിൽപരം പഴഞ്ചൊല്ലുകൾ അകാരാദി ക്രമത്തിൽ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ഉദാഹരണം മാത്രം ഇവിടെ കാണിക്കാം:

അകത്തു കത്തിയും പുറത്തു പത്തിയും.

A white glove often conceals a dirty hand.
All are not saints that go to Church.
All saints without, all devil within.
A fair face may hide a foul heart.