ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

എന്നാൽ മുൻപറഞ്ഞ ലിലാതിലകം എന്ന ഗ്രന്ഥത്തെ ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, കോവുണ്ണി നെടുങ്ങാടി, പാച്ചു മൂത്തതു്, ശേഷഗിരിപ്രഭു മുതലായ പണ്ഡിതന്മാർ തങ്ങളുടെ വ്യാകരണ ഗ്രന്ഥങ്ങൾക്ക് അവലംബമായി സ്വീകരിച്ചിട്ടുള്ളതു് പ്രസ്തുത ലീലാതിലകമല്ല; നേരേ മറിച്ചു, മേല്പറഞ്ഞ മിഷ്യനറിമാരുടെ കൃതികളത്രേ. കേരളീയർക്കു പൊതുവേ സുസമ്മതമായിത്തീർന്നിട്ടുള്ള കേരളപാണിനിയംതന്നെ കാൾഡ്വൽ, ഗുണ്ടർട്ട് മുതലായവരുടെ കൃതികളെ പരിശോധിച്ചുകൊണ്ടാണു നിർമ്മിച്ചിട്ടുള്ളതെന്നു തൽഗ്രന്ഥകാരൻ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. കേരളപാണിനീയം ആഗമിക പ്രസ്ഥാനത്തിലുള്ള വ്യാകരണമെന്ന നിലയിലാണല്ലോ ഏറ്റവും പ്രശംസാർഹമായിട്ടുള്ളതു്. ആ മെച്ചം വാസ്തവത്തിൽ ഡോക്ടർ കാൾഡ്വലിൻ്റെ മൂലഗ്രന്ഥത്തെ അനുപദം അനുകരിക്കയാൽ ഉണ്ടായിട്ടുള്ളതെന്നത്രേ പണ്ഡിതമതം.

ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണം: പാശ്ചാത്യ മിഷ്യനറിമാർ വ്യാകരണ ഗ്രന്ഥങ്ങൾ പലതു നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയിൽ ഏതുകൊണ്ടും മെച്ചമേറിയതു്, ഗുണ്ടർട്ടിൻ്റെ മലയാളഭാഷാ വ്യാകരണമാണു്. പ്രാചീന മലയാള വ്യാകരണങ്ങളിൽ ഒന്നിലും ഇത്രയും നല്ല ഒരു കൃതി ചൂണ്ടിക്കാണിക്കുവാനുമില്ല. (പ്രയോഗങ്ങളിൽനിന്നാണല്ലൊ നിയ മങ്ങൾ ഉണ്ടാകേണ്ടതു്. ഇന്നിന്നപ്രകാരത്തിൽ പ്രയോഗങ്ങൾ കാണുന്നു എന്നു വ്യക്തമാക്കുവാൻ അദ്ദേഹം നടത്തിയിട്ടുള്ള ഗവേഷണം നമ്മെ അത്ഭുതപരതന്ത്രരാക്കുകതന്നെ ചെയ്യും.) താഴെ ഉദ്ധരിക്കുന്ന ഉപക്രമ ഭാഗത്തിൽനിന്നു് അതിൻ്റെ വൈശിഷ്ട്യം ഏറെക്കുറെ ഊഹിക്കാവുന്നതുമാണു്.