ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

അപ്പം തിന്നണോ കുഴിയെണ്ണണോ? അമ്മയുടച്ചതു മൺചട്ടി, മരുമകളുടച്ചതു പൊൻചട്ടി. നായ് ക്കോലം കെട്ടിയാൽ കുരയ്ക്കണം. അക്കരെ നില്ക്കുമ്പോൾ ഇക്കരെപ്പച്ച, ഇക്കരെ നില്ക്കുമ്പോൾ അക്കരെപ്പച്ച. അകപ്പെട്ടവനു് അഷ്ടമത്തിൽ ശനി, ഓടിപ്പോയവനു ഒൻപതാമിടത്തു വ്യാഴം.

ആദ്യത്തെ സമാഹാരങ്ങൾ: മേൽ പ്രസ്താവിച്ചവിധത്തിലുള്ള പഴഞ്ചൊല്ലുകൾ അനവധിയുണ്ട്. അവയെല്ലാം പ്രത്യേകം ശേഖരിച്ചു ഗ്രന്ഥരൂപത്തിൽ പ്രകാശിപ്പിക്കേണ്ടതുതന്നെയാണു്. ഈ വിഷയത്തിൽ ആദ്യമായി ഒരു ശ്രമം ചെയ്തതു് 1777- ൽ വരാപ്പുഴ വൈദികകേന്ദ്രത്തിൽ വസിച്ചിരുന്ന പണ്ഡിതനായ പൗലിനോസുപാതിരിയായിരുന്നു. അദ്ദേഹം നൂറിലധികം പഴഞ്ചൊല്ലുകൾ Adagia Malabarica ‘മലയാളച്ചൊല്ലുകൾ’ എന്ന പേരിൽ അവയുടെ ലത്തിൻ പരിഭാഷകളോടുകൂടി അക്കാലത്തു പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പൗലിനോസിനെത്തുടർന്നു, 1945-ൽ ഡോ. ഗുണ്ടട്ട് മംഗലാപുരത്തുനിന്നും ‘പഴഞ്ചൊൻമാല’ എന്നൊരു സമാഹാരം പ്രസിദ്ധപ്പെടുത്തി. വിഷയസ്വഭാവമനുസരിച്ചു പഴഞ്ചൊല്ലുകളെ ക്രമപ്പെടുത്തി വ്യാഖ്യാനസമേതമാണു പ്രസ്തുത കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. ‘കയ്ച്ചിട്ടിറക്കിയും കൂടാ; മധുരിച്ചിട്ടു തുപ്പിയുംകൂടാ’ ‘അരചനെക്കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല’ ഇങ്ങനെയുള്ളവയാണു് അതിലെ ചൊല്ലുകൾ.

പൈലോ പോളിൻ്റെ പഴഞ്ചൊല്ലുകൾ: പഴഞ്ചൊൽമാലയ്ക്കു ശേഷം ഈ വിഷയത്തിൽ ഏതെങ്കിലും ഒരു ശ്രമം ഉണ്ടായിട്ടുള്ളതു 1902-ൽ മാത്രമാണു്. പണ്ഡിതനും അന്വേഷണശീലനുമായിരുന്ന പൈലോപോളാണ് അതിലേക്കു മുതിർന്നതു്. 2500-ൽ അധികം പഴഞ്ചൊല്ലുകൾ സമ്പാദിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. അർത്ഥം വ്യക്തമാകാൻ പ്രയാസം തോന്നുന്നിടത്തു ടിപ്പണങ്ങളും, മലയാള പഴഞ്ചൊല്ലുകൾക്കു സമാനങ്ങളായ ഇംഗ്ലീഷ് പഴഞ്ചൊല്ലുകളും അദ്ദേഹം അതിൽ ചേർത്തിരിക്കുന്നു. പഴഞ്ചൊല്ലുകളെ സംബന്ധിച്ചിടത്തോളം ഇത്രയും സമഗ്രമായ ഒരു കൃതി മലയാളത്തിൽ വേറൊന്നുള്ളതായി അറിയുവാൻ കഴിഞ്ഞിട്ടില്ല. പൈലോപോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പഴഞ്ചൊല്ലുകളിൽ ചിലതു തേച്ചുമിനുക്കി പല രൂപത്തിലും വേഷത്തിലും ആധുനികരിൽ ചിലർ പ്രകാശിപ്പിച്ചുകാണുന്നുണ്ടെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവ്യമാണു്.