ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
കൃഷിയിൽനിന്നുത്ഭവിച്ചവ: അഴകുള്ള ചക്കയിൽ ചുളയില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. താണനിലത്തേ നീരോടൂ. ഞാറുറച്ചാൽ ചോറുറച്ചു. കാഞ്ഞുവളർന്നേ അനുഭവത്തിനാകൂ. സമ്പത്തുകാലത്തു തൈ പത്തു വെച്ചാൽ, ആപത്തു കാലത്തു കാപത്തു തിന്നാം. ഏറെ വിളഞ്ഞാൽ വിത്തിനാകാ.
കച്ചവടം: അങ്ങാടിയിൽ തോറ്റാൽ അമ്മയോടോ. ആടറിയുമോ അങ്ങാടിവാണിഭം. അമുക്കി അളന്നാലും ആഴക്കു മൂഴക്കാകാ.
നായാട്ട്: വെടികൊണ്ട പന്നിപോലെ. ചൂട്ടുകണ്ട മുയലുപോലെ.
പട: വടികുത്തിയും പടകാണണം. അരചൻ വീണാൽ പടയില്ല. വില്ലിൻ്റെ ബലംപോലെ അമ്പിൻ്റെ പാച്ചിൽ. അങ്കവും കാണാം താളിയും ഒടിക്കാം.
വൈദ്യം: അതിവിടയം അകത്തെങ്കിൽ അതിസാരം പുറത്തു്. ആശാനു കൊടുക്കാത്തതു വൈദ്യനു്.
തച്ച്: അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ.
മാറ്റുചിലതു്: മിന്നുന്നതെല്ലാം പൊന്നല്ല. നാലാളു പറഞ്ഞാൽ നാടും വഴങ്ങണം. ആഴമറിയാത്തിടത്തു കാലുവെയ്ക്കരുതു്. വിജ്ഞന്മാർ കാലുകുത്താൻ മടിക്കുന്നേടത്തു് അജ്ഞന്മാർ ഓടിക്കേറും. വഷളന്നു വളരാൻ വളംവേണോ?. മൺചിറ ചിറയല്ല, പെൺപട പടയല്ല. ഹിരണ്യ നാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ. അടിച്ചവഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിച്ചേക്കണം. അച്ചിക്കു കൊഞ്ചു പക്ഷം, നായർക്ക് ഇഞ്ചിപക്ഷം. ആളടുത്തുനോക്കണം, പൊന്നുരച്ചുനോക്കണം. അടിമേലടിച്ചാൽ അമ്മിയും പൊടിയും. അണ്ടിയോടടുത്തെ മാങ്ങയുടെ പുളിയറിയൂ. ആണായാൽ നാണംവേണം, മീനായാലാണംവേണം. ഉപ്പുപോലെവരുമോ ഉപ്പിലിട്ടതു്. എലിപിടിക്കും പൂച്ച കലവുമുടയ്ക്കും. എല്ലാരും പല്ലക്കേറിയാൽ ചുമപ്പാനാളുവേണ്ടേ? ഗതികെട്ടാൽ പുലി പുല്ലും തിന്നും. ഇണങ്ങിയാൽ നക്കിക്കൊല്ലും. പിണങ്ങിയാൽ കുത്തിക്കൊല്ലും. ഇരിക്കുന്ന കൊമ്പു വരഞ്ഞാലോ? തീക്കട്ട കഴുകിയാൽ കരിക്കട്ടെ. പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാലു കയ്ക്കും, പഴഞ്ചോറ്റിൽ കൈ വേകും.
