ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

പഴഞ്ചൊല്ലുകൾ: പറഞ്ഞുപറഞ്ഞു പഴകിയ ചൊല്ലുകൾക്കാണ് പഴഞ്ചൊല്ലുകൾ എന്നു പറയുന്നതു്. ഭാഷ ജീവിതാവശ്യങ്ങൾക്കായി വ്യവഹരിക്കാൻ തുടങ്ങിയ കാലം മുതൽക്കേ പഴഞ്ചൊല്ലുകളും ഉത്ഭവിച്ചിരിക്കണം. കൊല്ലവർഷം ഒന്നാംശതകംമുതൽ പല പഴഞ്ചൊല്ലുകളും ഭാഷയിൽ ഉണ്ടായിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. നാലാംശതകത്തിലെ ചില പാട്ടുകളിൽ അവയുടെ രൂപം സ്പഷ്ടമായി കാണാം. സംസാരത്തിലും എഴുത്തിലും പഴഞ്ചൊല്ലുകൾ ഉപയോഗിച്ചു ഭംഗിവരുത്തുന്നതു കേരളീയർക്കു വളരെ ഇഷ്ടമാണു്. പ്രയോഗവൈവിദ്ധ്യംകൊണ്ടും മറ്റും പൂർവ്വരൂപങ്ങൾക്കു പല മാറ്റങ്ങളും വന്നു രൂപാന്തരം പ്രാപിച്ചിട്ടുള്ളവയാണു് നാമിന്നുകാണുന്ന മിക്ക പഴഞ്ചൊല്ലുകളും. മലയാള ശൈലിയുടെ നൈസർഗ്ഗീകലാവണ്യം കണ്ടാനന്ദിക്കണമെങ്കിൽ പഴഞ്ചൊല്ലുകളിലേക്കു കണ്ണോടിക്കുകതന്നെ വേണം. അവ ഒരുതരം സാഹിത്യഗുളികകളാണെന്നുതന്നെ പറയാം. ചുരുങ്ങിയ വാക്കുകൾകൊണ്ട് അർത്ഥഗൗരവം ഉണ്ടാക്കിത്തീർക്കുന്നതാണു് അവയുടെ ഒരു പ്രത്യേകത. മിക്കവയും രസവത്തുക്കളും സൂക്തിരത്നങ്ങളുമായിരിക്കുമെന്നുള്ളത് അവയുടെ കൈകാര്യകർത്തൃത്വത്തിനു കൂടുതൽ പ്രേരകവുമാണു്. അദ്ധ്യാരോപം, അലങ്കാരം എന്നിവയും പലതിലും തെളിഞ്ഞുകാണാം. മഹാകവി കുഞ്ചൻ നമ്പ്യാരാണ് നമ്മുടെ കവികളിൽ പഴഞ്ചൊല്ലുകൾ ധാരാളമെടുത്തു പെരുമാറിയിട്ടുള്ളതു്. പഴഞ്ചൊല്ലുകൾ എല്ലാം തന്നെ ജീവിത വ്യവഹാരങ്ങളുടെ വിവിധ വശങ്ങളിൽനിന്നുത്ഭവിച്ചിട്ടുള്ളവയാകയാൽ വിവിധങ്ങളായ ജീവിതവൃത്തികളെ സൂചിപ്പിക്കുന്നവയുമാണു്. അവയിൽത്തന്നെ അധികവും ഗാർഹികങ്ങളുമാകുന്നു. ഉദാഹരണത്തിനു ചിലതു താഴെ ചേർത്തുകൊള്ളുന്നു: