ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
അമരപദാർത്ഥപ്രകാശിക: കിളിമാനൂർ കെ. കേരള വർമ്മകോയി അമ്പുരാൻ ബി. എ. നിർമ്മിച്ചിട്ടുള്ളതാണിത്. 1925-ൽ പ്രസിദ്ധപ്പെത്തിയിട്ടുള്ള പ്രസ്തുത കൃതിയുടെ അവതാരികയിൽ മഹാകവി ഉള്ളൂർ ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു: “അപാരമായ ഭാഷാപാണ്ഡിത്യത്തിൻ്റേയും അഭംഗുരമായ ലോകാനുജിഘ്രൂക്ഷയുടേയും സന്താനമാണു് അമര പദാർത്ഥപ്രകാശിക. അമരത്തിലുള്ള ശബ്ദങ്ങൾ മുഴവൻ അകാരാദിരൂപത്തിൽ ക്രമീകരിച്ചു്, അവയുടെ ലിംഗവചനങ്ങൾ കാണിച്ച് ഓരോ ശബ്ദത്തിനും മലയാളത്തിലും ഇംഗ്ലീഷിലും അർത്ഥമെഴുതുകയാണു് ഈ ഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളതു്. അചുംബിതമായ ഈ പദ്ധതിയുടെ അംഗീകാരത്താൽ പ്രസ്‌തൂയമാനമായ ത്രിഭാഷാകോശത്തിനു സിദ്ധിച്ചിട്ടുള്ള വൈശിഷ്ട്യം അന്യാദൃശമാണു്.” ഇതിൽനിന്നു പ്രസ്തുതകൃതിയുടെ പ്രയോജനാദികൾ പ്രസ്പഷ്ടമാണല്ലോ.
സംസ്കൃത-മലയാള നിഘണ്ടു: മലയാള ഭാഷയ്ക്ക് ഇതുവരെ ഒരു സംസ്കൃത-മലയാള ശബ്ദകോശം ഉണ്ടായിട്ടില്ല. അമരകോശവ്യാഖ്യാനങ്ങളാണ് അതിനു പകരമായി നാം ഉപയോഗിച്ചുപോന്നതു്. ശബ്ദകല്പ ദ്രുമം മുതലായ ആധുനിക സംസ്കൃത നിഘണ്ടുക്കളെ മാതൃകയാക്കി 1958-ൽ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതി ആ കുറവിനെ പരിഹരിച്ചിരിക്കുന്നു. റോയൽ സൈസിൽ 1200-ൽ പരം പേജുകളുള്ളതാണു പ്രസ്തുതകൃതി എന്നു പറഞ്ഞാൽ നമ്പൂതിരിപ്പാടിൻ്റെ പ്രയത്നമഹത്ത്വം ഏതാണ്ടു് ഊഹിക്കാവുന്നതാണല്ലോ. കൊച്ചി മഹാരാജാവു പരീക്ഷിത്തുതമ്പുരാൻ അഭിപ്രായപ്പെട്ടിട്ടുള്ളതു പോലെ “അതിപ്രയത്നലഭ്യമായ ഒരു അനർഘരത്നം ആണു് നമ്പൂതിരിപ്പാടു് ഗൈർവ്വാണീകൈരളീപ്രണയികൾക്കു് ഉപഹാരീകരിക്കുന്നതു്. ഈ സംസ്കൃത മലയാള നിഘണ്ടു അകാരാദിക്രമത്തിൽ ക്ഷകാരപര്യന്തം പദങ്ങളെ എടുത്തു അർത്ഥം കാണിക്കുന്നതുകൊണ്ടു നോക്കി പദം കണ്ടുപിടിക്കുവാൻ യാതൊരു ക്ലേശവും ഇല്ല.”
