ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

അമരം മൂന്നു കാണ്ഡങ്ങളായും. സ്വർഗ്ഗവ്യോമാദികളായ 26 വർ​ഗ്ഗങ്ങളായും വിഭജിച്ച് പദങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അരനൂറ്റാണ്ടിനു മുമ്പുവരെ ഏതാണ്ടു ഗുരുകുല സമ്പ്രദായത്തിലുള്ള കേരളത്തിലെ കളരികളിൽ പഠിച്ചിരുന്നവർ, അക്ഷര പാഠങ്ങൾക്കുശേഷം അമരകോശവും സിദ്ധരൂപവുമാണു് ആദ്യം ഉരുവിട്ടു പഠിക്കുന്നതെന്നു അനുഭവസ്ഥൻ്റെ നിലയിൽ ഈ എഴുത്തുകാരനു പറയുവാൻ കഴിയും. എന്നാൽ അന്നത്തെ അമരകോശത്തിനു മലയാളത്തിൽ വ്യാഖ്യാനമൊന്നുമുണ്ടായിരുന്നില്ല. അധികം താമസിയാനെതന്നെ മഹാപണ്ഡിതനായ കൈകുളങ്ങര രാമവാര്യർ ‘ബാലബോധിനി’ എന്നും ‘ബാലപ്രിയ’ എന്നും രണ്ടു വ്യാഖ്യാനങ്ങൾ നിർമ്മിച്ചു 1080-ാമാണ്ടിടയ്ക്ക് പ്രസ്തുതകൃതികൾ കുന്നങ്കളത്തുള്ള വിദ്യാരത്നപ്രഭ അച്ചുക്കൂടത്തിൽനിന്ന് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ബാലപ്രിയ അക്കാലത്തു വിദ്യാർത്ഥികൾക്കു വളരെ പ്രയോജനപ്രദമായ ഒരു വ്യാഖ്യാനമായിരുന്നു.

പരമേശ്വരൻ മൂസ്സതിൻ്റെ വ്യാഖ്യാനം: പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാവിൻ്റെ ശിഷ്യനും, തൃശൂർ ഭാരതവിലാസം അച്ചുക്കൂടം പ്രസാധകനുമായിരുന്ന ടി. സി. പരമേശ്വരൻമുസ്സതു കൈക്കുളങ്ങര ആരംഭിച്ച വ്യാഖ്യാനപ്രസ്ഥാനത്തെ പലവിധത്തിലും വിപുലപ്പെടുത്തുവാൻ ശ്രമിച്ചു. ആ ശ്രമത്തിൻ്റെ മഹനീയ ഫലമാണു അമരം പാരമേശ്വരി’ എന്ന വ്യാഖ്യാനം. അമരകോശത്തിനു് ഇതിനേക്കാൾ ശ്രേഷ്ഠമായ ഒരു വ്യാഖ്യാനം ഇന്നുവരെ ഉണ്ടായിട്ടില്ല; ഉണ്ടാകാൻ പ്രയാസവുമാണ്. അമരകോശത്തിൻ്റെ അനേക വ്യഖ്യാനങ്ങൾ ശരിയായി പരിശോധിച്ച് വിസ്തൃതമായി തയാറാക്കിയതാണു് പ്രസ്തുതകൃതി. പഴയ വ്യാഖ്യാനരീതി സപ്രയോജനമാകയാൽ ഉപേക്ഷിക്കാതെതന്നെ പുതിയ രീതിയും കൈക്കൊള്ളുകയാണു് പാരമേശ്വരിയിൽ മുസ്സതു ചെയ്തിട്ടുള്ളത്. ഓരോ ഭാഗവും വ്യാഖ്യാനിക്കുന്നിടത്തു വ്യാഖ്യാതാവിൻ്റെ സ്വതന്ത്രചിന്ത പ്രകടമായി കാണാം. സന്ദർഭാനുസൃതം കവിവാക്യങ്ങളും സൂക്തിതല്ലജങ്ങളും ഉദ്ധരിച്ച് വ്യാഖ്യാനത്തെ കൂടുതൽ ഹൃദ്യമാക്കുവാൻ മുസ്സത് ശ്രമിച്ചിട്ടുണ്ട്. ഈ വ്യാഖ്യാനത്തിൻ്റെ മേന്മയ്ക്കു മാറ്റുകൂട്ടുന്ന ഒരു പ്രധാന കാര്യവും അതുതന്നെ.

പാരമേശ്വരി: 1086 മേടം മുതൽ 1000 കന്നിവരെയുള്ള കാലത്തിനിടയ്ക്കു മാസികയായി പ്രസിദ്ധപ്പെടുത്തുകയാണുണ്ടായത്. 1090-ൽ ഭാരതവിലാസം പ്രവർത്തകന്മാർ പുസ്തകരൂപത്തിൽ അതിൻ്റെ ഒന്നാം പതിപ്പു പ്രസിദ്ധപ്പെടുത്തി. വിശിഷ്ടമായ ആ വ്യാഖ്യാനം വേഗത്തിൽ വിറ്റഴിയുകയും ചെയ്തു. പാരമേശ്വരിയുടെ വൈശിഷ്ട്യം ആയിടയ്ക്കുതന്നെ മനസ്സിലാക്കിയ വിദ്വാൻ മാനവിക്രമസാമൂതിരിപ്പാടു് 1090 മകരം 5-ാനു മൂസ്സതിന് ‘അഭിനവവാചസ്പതി’ എന്നൊരു ബിരുദം നല്കുകയുണ്ടായി. അങ്ങനെയാണു് അഭിനവ വാചസ്പതി എന്ന ബഹുമതി പരമേശ്വരൻ മൂസ്സതിനു സിദ്ധിച്ചത്. അമരത്തിനു ‘ത്രിവേണി’ എന്നൊരു വ്യാഖ്യാനവും പണ്ഡിതപ്രകാണ്ഡമായ മുസ്സതുതന്നെ എഴുതിയിട്ടുണ്ട്. ഏറെക്കാലമായി അലബ്ധമായിരുന്ന അമരം പാരമേശ്വരി അടുത്ത കാലത്തു കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം പ്രവർത്തകന്മാർ ഭംഗിയായവിധത്തിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത കൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.

അമരകോശത്തിനു ‘ഹൃദയപ്രദീപം’ എന്ന ഒരു ഭാഷാവ്യാഖ്യാനം ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള എഴുതിയിട്ടുള്ളതും പ്രസ്താവ്യമാണ്.