ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
അമരകോശ വ്യാഖ്യാനങ്ങൾ
(1) കൈക്കുളങ്ങര രാമവാര്യർ: മലയാള ഭാഷയുടെ പദസമ്പത്തിൽ ഭൂരിഭാഗവും സംസ്കൃത രൂപങ്ങളാണല്ലോ. അതിനാൽ സംസ്കൃത ശബ്ദകോശം ഭാഷയുടെ ആവശ്യത്തിനും അഭിവൃദ്ധിക്കും അനുപേക്ഷണീയമാണു്. സംസ്കൃത ഭാഷയിൽ നിഘണ്ടുക്കൾ പലതുമുണ്ടു്. അവയിൽ ഏറ്റവും പ്രസിദ്ധമായതു് വിക്രമ സദസ്സിലെ നവരത്നങ്ങളിൽ ഒരുവനായ അമരസിംഹൻ്റെ നാമലിംഗാനുശാസനമെന്ന അമരകോശമാണ്’. ഇതര നിഘണ്ടുക്കളിൽ നിന്ന് ആവശ്യമുള്ള എല്ലാ അംശങ്ങളും സമാഹരിച്ചു നിർമ്മിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. അമര സിംഹൻ തന്നെ അതിനെപ്പറ്റി ഗ്രന്ഥാരംഭത്തിൽ ഇങ്ങനെ പറയുന്നു:
“സമാഹൃത്യാന്യതന്ത്രാണി സംക്ഷിപ്ലൈ പ്രതിസംസ്കൃതൈട
സമ്പൂർണ്ണമുച്യതേ വർഗ്ഗൈർന്നാമലിംഗാനുശാസനം”
അതായതു്, വരരുചി, വാഗുരി മുതലായവർ നിർമ്മിച്ചിട്ടുള്ള കൃതികളെ സമാഹരിച്ചു സംക്ഷിപ്തമായി പരസ്പരസംബന്ധമുള്ള പര്യായങ്ങളുടെ സമ്പൂർണ്ണതയോടുകൂടിയ നാമങ്ങളേയും ലിംഗങ്ങളേയും അറിയിക്കുന്നതായ ശാസ്ത്രം ഞാൻ നിർമ്മിക്കുന്നു എന്നു്.
