ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
മലയാള-ഇംഗ്ലീഷ് ശൈലീനിഘണ്ടു: ചെറുതെങ്കിലും ഉപയോഗപ്രദമായ ഒരു നിഘണ്ടുവാണിതു്. വെള്ളങ്കുളത്ത് കരുണാകരൻനായർ എം. എം. എൽ. ടി.യാണു് ഇതിൻ്റെ നിർമ്മാതാവു്.
എം. ആർ. നാരായണപിള്ളയുടെ നിഘണ്ടുക്കൾ : ശബ്ദരത്നാവലി, ശബ്ദമഞ്ജരി, പര്യായനിഘണ്ടു, പര്യായമഞ്ജരി, ചതുർഭാഷിണി (ഇംഗ്ലിഷ്, മലയാളം, തമിഴ്, ഹന്ദുസ്ഥാനി എന്നീ നാലുഭാഷകളെ സംബന്ധിച്ചതു്) എന്നിങ്ങനെ ഏതാനും നിഘണ്ടുക്കൾ നാരായണ പിള്ളയുടെ വകയായിട്ടുണ്ട്.
ഭാരതീയ ഔഷധച്ചെടികൾ: കൊച്ചി ഗവണ്മെൻ്റെിൻ്റെ വനം കൺസർവേറ്റർ ആയിരുന്ന കുപ്പക്കാട്ടു ഗോവിന്ദമേനോൻ എം. ഏ. (ഓക്സൺ) 1106-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് പ്രസ്തുതകൃതി. 1093-ൽ പ്രയാഗിൽ പ്രസിദ്ധംചെയ്ത ‘ഇൻഡ്യൻ മെഡിസിനൽ പ്ലാൻ്റ്സ്’ എന്ന ഗ്രന്ഥത്തിൻ്റെ ഒരു പരിഭാഷയാണിതു്. 480-ൽപരം പുറങ്ങളുള്ള ഈ നിഘണ്ടുവിൽ 734 ഭാരതീയ ഔഷധച്ചെടികളുടെ വിവിധ ഭാഷാസംജ്ഞകളും വിവരണങ്ങളും ഔഷധപരമായ പ്രയോജനങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവസാനത്തിൽ കൊടുത്തിട്ടുള്ള ‘അനുക്രമണിക’യിൽ, ഓരോ രോഗത്തിനും ഏതേതു് ഔഷധച്ചെടികൾ ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ടു്. ഭാരതിയ ഔഷധങ്ങളുടെ ശക്തിയും സ്വഭാവവും അറിയുന്നതിനു് മലയാളത്തിൽ ഇതിനേക്കാൾ ഒരു നല്ല ഗ്രന്ഥം വേറെയുണ്ടെന്നു തോന്നുന്നില്ല.
ഔഷധ നിഘണ്ടു: തയ്യിൽ കുമാരൻ കൃഷ്ണൻ പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് പ്രസ്തുത കൃതി. 1906-ൽ പ്രസിദ്ധപ്പെടുത്തിയ ആ ബൃഹൽഗ്രന്ഥത്തിൽ പൈക്ക അക്ഷരത്തിൽ 956 പേജുകൾ അടങ്ങിയിരിക്കുന്നു. ഗ്രന്ഥം രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പൂർവ്വഭാഗത്തിൽ ഔഷധനാമം, ഭാഷ, ഗ്രാഹ്യാംശഃ, രസവീയവിപാകാഃ എന്നിങ്ങനെ കോളം തിരിച്ചു സംഗ്രഹിക്കുകയും, ഉത്തരഭാഗത്തിൽ വിസ്‌തൃതവ്യാഖ്യാന വിവരണവും. സംസ്കൃതം, തമിഴ്, മറാട്ടി, കർണ്ണാടകം, ഹിന്ദി, പാഴ്സി, ഇംഗ്ലീഷ്, തെലുങ്ക്, ബംഗാളി, അറബി മുതലായവയിലെ തുല്യനാമങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ടു്. ഇത്തരത്തിലുള്ള ഒരു കൃതി ഇതു മാത്രമല്ലാതെ മലയാളത്തിൽ വേറൊന്നുണ്ടായിട്ടില്ല.
