ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
ടി. രാമലിംഗംപിള്ളയുടെ നിഘണ്ടുക്കൾ: ശൈലീനിഘണ്ടു: ‘എല്ലാ ഭാഷകളിലും വാച്യമായ അക്ഷരാർത്ഥത്തിനുപരിയായി ലക്ഷ്യമോ വ്യംഗ്യമോ ആയ അർത്ഥം വഹിക്കുന്ന ചില വാചകങ്ങളുണ്ടു്. ഇതുകൾ വാച്യാർത്ഥത്തെ ഗണിക്കാത്തതുപോലെ ചിലയിടത്തു വ്യാകരണവിധികളെക്കൂടി ലംഘിച്ചുകാണും. ഇങ്ങനെയുള്ള വാചകങ്ങളെ അതാതു ഭാഷകളുടെ ശൈലി എന്നു പറയുന്നു. അക്കൂട്ടത്തിൽ മലയാളത്തിനും ചില വിലക്ഷണപ്രയോഗഭംഗികൾ അല്ലെങ്കിൽ ശൈലികൾ ഉണ്ടു്. അവ നശിച്ചുപോകാതെ സംരക്ഷിക്കേണ്ടതു ഭാഷയുടെ ഭദ്രതയ്ക്കാവശ്യമാണു്. 1000-ൽപരം പേജുകളോടുകൂടി ടി. രാമലിംഗംപിള്ള എം. എ. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേല്പറഞ്ഞ കൃതി അങ്ങനെയുള്ള ഒരാവശ്യത്തെയാണ് നിർവ്വഹിക്കുന്നതു്.
ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാള നിഘണ്ടു: ഇംഗ്ലീഷ് പദങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും അർത്ഥം ചേർത്തുകൊണ്ടു നിർമ്മിച്ചിട്ടുള്ള ഒരു ബൃഹദ് കോശമാണിത്. 2224 പേജുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഏതാണ്ടു് നാല്പതു വർഷത്തെ യത്നവും രാമലിംഗംപിള്ള ചെയ്തതായറിയുന്നു. അദ്ദേഹത്തിൻ്റെ പ്രാപ്തിയേയും പ്രയത്നശീലത്തേയും വിളിച്ചുപറയുന്ന രണ്ടു കോശഗ്രന്ഥങ്ങളാണു് മലയാളശൈലീനിഘണ്ടുവും, ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാള നിഘണ്ടുവും എന്നുള്ളതു നിസ്സംശയം തന്നെ. ഈ രണ്ടു വിശിഷ്ടകൃതികൾ രാമലിംഗംപിള്ളയെ അനശ്വര യശസ്വിയാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. 1963 മാർച്ച് 4-ാംതീയതി 83 വയസ്സു തികഞ്ഞ – അഥവാ ശതാഭിഷിക്തനായിത്തീർന്ന് അദ്ദേഹം ഇപ്പൊഴും നിസ്തന്ദ്രമായി ഭാഷാസേവനം ചെയ്തുകൊണ്ടുതന്നെ കഴിയുന്നു. ഇംഗ്ലീഷ് ശൈലികളുടെ അർത്ഥവും അവയ്ക്കു യോജിച്ച തമിഴ്-മലയാള തർജ്ജമകളും ചേർത്തുള്ള ഒരു വലിയ ശൈലീനിഘണ്ടു ഈ വ്യവസായ ശീലൻ ഇപ്പോൾ തയ്യാറാക്കിവരുന്നതായും അറിയുന്നുണ്ട്.
ശൈലീപ്രദീപം: ഒരു ഭാഷയുടെ വ്യക്തിത്വം ശൈലികൊണ്ടാണല്ലോ ഉണ്ടാകുന്നതു്. ‘വിശിഷ്ട ജനങ്ങളിൽനിന്നും സന്ദർഭവശാൽ പുറപ്പെട്ടിട്ടുള്ള വ്യംഗ്യാർത്ഥസൂചകമായ ചില പ്രയോഗങ്ങളാണു് ശൈലികൾ’. ഭാഷയുടെ വ്യക്തിത്വം നിലകൊള്ളുന്നതു് ആവക ശൈലികളിലത്രെ. അത്തരം ശൈലികളെ സംഗ്രഹിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു് വടക്കുംകൂറിൻ്റെ ‘ശൈലിപ്രദീപം.’ ടി. രാമലിംഗം പിള്ളയുടെ നിഘണ്ടുവിനു് നിർമ്മാണകാലം കണക്കാക്കുമ്പോൾ പ്രഥമസ്ഥാനം കല്പിക്കേണ്ടതുണ്ടു്. എന്നാൽ ശൈലികളുടെ ആഗമം, അർത്ഥം, പ്രയോഗം, സംസ്കൃതത്തിലെ ന്യായോക്തികളോടുള്ള അടുപ്പം എന്നിവയെ വിശദമാക്കുന്നതിൽ ശൈലീപ്രദീപം, ശൈലീനിഘണ്ടുവേക്കാൾ വളരെവളരെ ഉയർന്നു നില്ക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല.
ലോകോക്തി, പഴഞ്ചൊല്ല്, ന്യായോക്തി എന്നു തുടങ്ങിയവ ശൈലികളിൽ ഉൾപ്പെടുമെങ്കിലും അവയ്ക്കുതമ്മിൽ അല്പാല്പം വ്യത്യാസമുണ്ടെന്നുള്ളതു് അനിഷേധ്യമാണു്. എങ്കിലും ശൈലീപ്രദീപകർത്താവു് അവയേയും ദൃഷ്ടാന്തപൂർവ്വം മേല്പറഞ്ഞ കൃതിയിൽത്തന്നെ പ്രകാശിപ്പിച്ചിരികയാണു്.
