ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
പുരാണകഥാനിഘണ്ടു അഥവാ സാഹിത്യനിഘണ്ടു: 1899-ൽ ഭാഷാഭിമാനിയായ പൈലോപോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു നല്ല നിഘണ്ടുവാണിതു്. പുരാണകഥാപ്രതിപാദകങ്ങളായ ഗ്രന്ഥഭാഗങ്ങളിലെ സംശയനിവാരണത്തിനു പ്രസ്തുതകൃതി ഏറ്റവും പ്രയോജനപ്പെടുന്നതാണ്. ഹൈന്ദവപുരാണേതിഹാസങ്ങളിലെ സൂചിതകഥകളുടെ സംശയനിവാരണത്തിനു് ഇതിനേക്കാൾ സമഗ്രവും വിപുലവുമായ ഒരു സൂചിതകഥാനിഘണ്ടു ഇന്നുണ്ടാകേണ്ടതുണ്ട്. ബുദ്ധ ക്രൈസ്തവ മുസ്ലീം പുരാണങ്ങളിലെ കഥകൾകൂടി അതിൽ പ്രതിപാദിച്ചിരിക്കേണ്ടതാണു്. ഇന്ന് അഖിലമതവ്യാപിയായ ഒരന്തരീക്ഷത്തിലാണല്ലൊ നാം ജീവിക്കുന്നതു്. നമ്മുടെ സാഹിത്യവും അങ്ങനെ തന്നെ. അതുകൊണ്ടാണു് അത്തരത്തിലുള്ള ഒരു പുരാണകഥാനിഘണ്ടു മേലിൽ നിർമ്മിക്കേണ്ടിയിരിക്കുന്നു എന്നു സൂചിപ്പിച്ചത്. പൈലോപോൾ ചെയ്തിട്ടുള്ളതു് അന്നത്തെനിലയ്ക്കു മഹത്തായ ഒരു സേവനം തന്നെയാണു്.
പുരാണനിഘണ്ടു: ഈ അടുത്തകാലത്തു പുതുപ്പള്ളി അശോകാ ബുക്കുസ്റ്റാളിൽനിന്നു വെട്ടം മാണി എം. എ. പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് പ്രസ്തുത നിഘണ്ടു. ഭാരതീയ സംസ്ക്കാരഭണ്ഡാഗാരത്തിൽ പ്രവേശിച്ച് അതിലെ സംഭവങ്ങളും കഥാപാത്രങ്ങളുമായി അസാമാന്യപരിചയം സമ്പാദിച്ച ഒരാൾക്കുമാത്രമേ ഇത്തരം ഒരു നിഘണ്ടു തയ്യാറാക്കാൻ സാധിക്കുകയുള്ളു. അതു് അത്ര സുകരമോ ക്ഷിപ്രസാദ്ധ്യമോ ആയ ഒരു കൃത്യമല്ല. പൈലോപോൾ അത്തരത്തിലുള്ള ഒരു സാഹസത്തിനു് പുറപ്പെട്ട് സാഹിത്യനിഘണ്ടു നമുക്കു സമ്മാനിച്ചു. പിന്നീടു് ദുഷ്പ്രാപമായ ആ മാർഗ്ഗത്തിൽകൂടി മുന്നോട്ടു സഞ്ചരിക്കുവാൻ ഇന്നേവരെ ഒരു കേരളീയനും തയ്യാറായിരുന്നില്ല. അതിനാൽ മാണിയുടെ ധീരമായ ഈ കാൽവെപ്പിനെ എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല. ഒന്നാം വാല്യമേ ഇപ്പോൾ പുറപ്പെട്ടിട്ടുള്ളു. ഡമ്മി നാലിലൊന്നു വലിപ്പത്തിൽ 500 പേജുകൾ വീതം വരുന്ന ആറു വാല്യംകൊണ്ടു് നിഘണ്ടു പൂർത്തിയാക്കുവാനാണു് ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുള്ളതെന്നുകാണുന്നു. പല പുരാണങ്ങളിലായി ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളുടെ വംശാവലി ചരിതം കൂട്ടിയിണക്കി കുറിപ്പുകൾ എഴുതിയിട്ടുള്ളതു ശ്രമാവഹമായ ഒരു കൃത്യമാണു്. ഉള്ളടക്കം, അകാരാദിക്രമത്തിനു സംവിധാനം ചെയ്തിട്ടുള്ളതും പ്രത്യേകം പ്രസ്താവ്യമത്രെ. പുത്തേഴത്തു രാമമേനോൻ്റെ അവതാരിക നിഘണ്ടുവിനു് ഒരു ഭൂഷണമായിട്ടുണ്ടു്.
