ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

ഭാഷാനിഘണ്ടു: കെ. കരുണാകരപ്പണിക്കർ എഴുതിയിട്ടുള്ളതും, കുന്നംകുളം എ. ആർ. പി. പ്രസ്സിൽനിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ ഒരു ശബ്ദകോശമാണു്.

നവയുഗഭാഷാനിഘണ്ടു: ശബ്ദതാരാവലിയെപ്പോലെതന്നെ വലിപ്പമേറിയ – ഏകദേശം 1800-ഓളം പേജുകൾ വരുന്ന ഒരു നിഘണ്ടു ആണ് ഈ കൃതി. ആർ. നാരായണപ്പണിക്കരാണു് അതിൻ്റെ നിർമ്മാതാവു്.

ഏ. ആർ. പി. നിഘണ്ടു: ശബ്ദതാരാവലി, നവയുഗഭാഷാനിഘണ്ടു എന്നിവ പോലെതന്നെയുള്ള ഒരു ബൃഹൽകോശമാണു് കുന്നങ്കുളത്തുനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഏ. ആർ. പി. നിഘണ്ടു.

ശബ്ദാർത്ഥരത്നാകരം: കോഴിക്കോട്ട് കെ. ആർ. ബ്രദേഴ്സ് വകയായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത മലയാളനിഘണ്ടുവും ശ്രദ്ധേയമാണു്.

ഭാഷാകല്പദ്രൂമം: അപ്രകാശിതമായ ഒരു നിഘണ്ടുവാണിതു്. അയിരൂർ എൻ. രാമൻപിള്ളയാണു് കർത്താവു് പ്രസ്തുതകൃതി ഈ ലേഖകൻ കണ്ടിട്ടുള്ള ഒന്നല്ല. എൻ. ഗോപിനാഥൻനായർ എഴുതിയ ഒരു ലേഖനമാണു അവലംബം, “വ്യാകരണം, അലങ്കാരം, വൃത്തം, പദാർത്ഥം, വ്യുല്പത്തി, തത്ഭവ തത്സമങ്ങൾ, പര്യായങ്ങൾ, കവികളുടെ ചരിത്രങ്ങൾ, ഐതിഹ്യങ്ങൾ, ന്യായങ്ങൾ, കലാവിദ്യകൾ, ഗ്രന്ഥസംക്ഷേപങ്ങൾ മുതലായവ ഉൾക്കൊള്ളുന്ന സാഹിത്യവും; പദാർത്ഥം, രോഗം, യോഗം, നിദാനം, പൂർവ്വരൂപം, ചികിത്സ, ചര്യകൾ, രസവീര്യവിപാകങ്ങൾ, ബാലചികിത്സ, നേത്രചികിത്സ, മർമ്മചികിത്സ, ഒറ്റമൂലികൾ, നീറ്റുമരുന്നുകൾ മുതലായവയെ പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രവും; ജ്യോതിഷം, മന്ത്രവാദം, കൗതുകവിദ്യകൾ, ശാസ്ത്രങ്ങൾ, വേദാന്തം ആദിയായവയും ഈ കോശത്തിൽ ചേർത്തിരിക്കുന്നതു് നിഘണ്ടു നിർമ്മാണ നിയമങ്ങൾ പാലിച്ചുകൊണ്ടാണെന്നുള്ളതോർക്കുമ്പോൾ ഇതിൻ്റെ മാഹാത്മ്യവും മാർഗ്ഗദർശിത്വവും വ്യക്തമാകുന്നതാണു്” എന്നു ലേഖകൻ പ്രസ്താവിച്ചുകാണുന്നു. കൈയെഴുത്തു പ്രതിക്ക് 5000-ൽപരം പേജുകളുണ്ടത്രെ. ഭാഷയിൽ ഇതേവരെ ഉണ്ടായിട്ടുള്ളവയിൽവച്ച് ഏറ്റവും വലുതും വിസ്തൃതങ്ങളായ വിവരണങ്ങളോടുകൂടിയതുമായ പ്രസ്തുതകൃതി ഭാഷയിലെ ഒരു ‘എൻസൈക്ലോപീഡിയ’യാണെന്നുകൂടി പറയാം. ഏ തെങ്കിലും സ്ഥാപനങ്ങളോ, ഗവർമെൻ്റോ ഏറ്റെടുത്തു് ഇത്തരം കൃതികൾ പ്രസിദ്ധപ്പെടുത്തേണ്ടതുതന്നെയാണു്.