ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

ലീലാതിലകം മലയാളഭാഷയുടെ ആദ്യത്തെ വ്യാകരണമെന്ന പ്രശംസയ്ക്കു സർവ്വഥാ അർഹം തന്നെ. എന്നാൽ അടുത്തകാലം വരെ അതു കേരളിയർക്ക് ഉപയോഗപ്പെട്ടിരുന്നില്ല. ഗ്രന്ഥനിർമ്മാണം സംസ്കൃതഭാഷയിൽ ആയിപ്പോയി എന്നുള്ളതുകൊണ്ടുമാത്രം സംഭവിച്ച ന്യൂനതയല്ല അതു്. കുറച്ചുകാലം മുമ്പുവരെ പ്രസ്തുത കൃതി കേരളീയർക്ക് അജ്ഞാതമായിരുന്നു എന്നുള്ളത് മറ്റൊരു കാരണവുമാണു്. അത്രതന്നെയുമല്ല, അതു് ‘മണിപ്രവാള ശ്ലോകങ്ങളുടെ മാർഗ്ഗദർശകമായ ഒരു വ്യാകരണമെന്നല്ലാതെ ഗദ്യഭാഷയെ കാര്യമായി സ്പർശിക്കുന്ന ഒരു വ്യാകരണമല്ല. ഗുണ്ടർട്ട്, ഗാർത്തുവെയ്റ്റ് മുതലായ വിദേശ മിഷ്യനറിമാരുടെ വരവോടുകൂടി മാത്രമാണു് മലയാള ഭാഷയ്ക്കു പ്രയോജനപ്രദമായ ശാസ്ത്ര ഗ്രന്ഥങ്ങളുണ്ടായിട്ടുള്ളതെന്ന യാഥാർത്ഥ്യം ഈ അവസരത്തിൽ അനുസ്മരിച്ചേ മതിയാവൂ. അവരുടെ പ്രവേശനത്തിനു മുമ്പുവരെ ഭാഷയുടെ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമായ നിയമങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളിൽ ഗണ്യമായ ഒന്നും തന്നെ മലയാളഭാഷയിൽ ഉണ്ടായിരുന്നില്ല.

പാശ്ചാത്യ മിഷ്യനറിമാർ: മനുഷ്യനിൽ ശരീരവും ചൈതന്യവും സംപൃക്തമായിട്ടുള്ളതുപോലെയാണു് ഒരു ഭാഷയിൽ ശബ്ദാർത്ഥങ്ങൾ സ്ഥിതിചെയ്യുന്നതു്. ‘വാഗർത്ഥാവിവസംപൃക്തൗ’ എന്നു കാളിദാസൻ രഘുവംശത്തിൽ പ്രസ്താവിച്ചിരിക്കുന്നതു നോക്കുക. മേല്പറഞ്ഞവയിൽ ഭാഷയുടെ ശബ്ദ സ്വഭാവത്തെ നിയമനം ചെയ്തു നിയന്ത്രിക്കുന്നതു വ്യാകരണവും, അർത്ഥസ്വഭാവത്തെ നിയന്ത്രിക്കുന്നതു നിഘണ്ടുവുമാകുന്നു. അത്യന്താപേക്ഷിതങ്ങളായ ഈ രണ്ടു ശാസ്ത്രഗ്രന്ഥങ്ങളെങ്കിലും ഇല്ലാത്ത ഒരു ഭാഷ തീരെ അനാഥവും അപരിഷ്കൃതവുമെന്നുതന്നെ പറയാം. ഈ വസ്തുത ആലോചിക്കുമ്പോഴാണു് പാശ്ചാത്യ മിഷ്യനറിമാരുടെ സേവനത്തിൻ്റെ മഹത്ത്വം നമുക്കു ശരിക്കു മനസ്സിലാകുന്നതു്.

പാശ്ചാത്യരായ ആഞ്ചലോസ് ഫ്രാൻസീസ്, ഗുണ്ടർട്ട്, ഗാർത്തുവെയ്റ്റ്’, കാൾഡ്വെൽ, പിറ്റ്, ഡ്രമണ്ട് മുതലായ പണ്ഡിതന്മാരായിരുന്നു. മലയാള ഭാഷാ വ്യാകരണത്തിൻ്റെ ഉപജ്ഞാതാക്കൾ. മേല്പറഞ്ഞവരിൽ 1700-നടുത്തു വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോക്ടർ ആഞ്ചലോസ് ഫ്രാൻസിസാണ് ഇപ്പോൾ അറിയപ്പെട്ടിട്ടുള്ളവയിൽവച്ച് ഏറ്റവും പഴക്കമുള്ള വ്യാകരണം എഴുതിയിട്ടുള്ളത് * (കേരളത്തിലെ ക്രിസ്തീയ സാഹിത്യം, പേജ് 91 കേരളത്തിലെ സത്യവേദചരിത്രം, പേജ് 319) അക്കാലത്തു വരാപ്പുഴയും അമ്പലക്കാട്ടും താമസിച്ചിരുന്ന വിദേശ മിഷ്യനറിമാർ മലയാള ഭാഷയിൽ ശാസ്ത്രഗ്രന്ഥങ്ങൾ നിർമ്മിക്കുന്നതിൽ വളരെ അദ്ധ്വാനം ചെയ്തിരുന്നു. ഹംഗറി ദേശക്കാരനായ അർണ്ണോസുപാതിരി, ആസ്ത്രീയക്കാരനായ പൗലിനോസ് ‌പാതിരി (ബർത്തലോമിയ എന്നും പറയും), ഇറ്റലിക്കാരനായ ക്ലമൻറുപാതിരി എന്നിവർ അവരിൽ പ്രധാനികളാണ്. റോബർട്ട് ഡ്രമണ്ട് എന്ന ഇംഗ്ലീഷുകാരൻ എഴുതി 1799-ൽ ബോംബെയിൽ അച്ചടിപ്പിച്ച് Grammar of the Malayalam Language (മലയള ഭാഷയുടെ വ്യാകരണം) വരാപ്പുഴ ബിഷപ്പായിരുന്ന ലൂയിസ് എന്നദേഹത്തിൻ്റെ സാഹയാത്താൽ എഴുതിയതാണെന്ന് അദ്ദേഹം തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. വരാപ്പുഴ മിഷ്യനറിമാരാണു് ഈ വിഷയത്തിൽ മുൻനിന്നു പ്രവർത്തിച്ചിട്ടുള്ളതെന്നു മേല്പറഞ്ഞ സംഗതികൾകൊണ്ടു സ്പഷ്ടമാകുന്നു.