ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

ഹരൻസ് ഹിന്ദി-മലയാള നിഘണ്ടു: എൻ. എച്ച്‌. ഹരൻ എം. എ. പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഈ നിഘണ്ടു 1120 പേജുകൾ ഉള്ള ഒരു ബൃഹൽകോശമാണു്. ഹിന്ദി-മലയാളകോശത്തിലെപ്പോലെ തന്നെ ഹിന്ദി ശബ്ദങ്ങൾ ദേവനാഗരി ലിപിയിലും അർത്ഥം മലയാളത്തിലും ചേർത്തിരിക്കുന്നു.

ശബ്ദതാരാവലി: 2000-ൽ അധികം പേജുകളുള്ള ഈ ബൃഹൽ ഗ്രന്ഥം, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള എഴുതിയിട്ടുള്ളതാണു്. മലയാളത്തിൽ ഇന്നുള്ള ശബ്ദകോശങ്ങളിൽവച്ചു കൂടുതൽ വലുപ്പവും പ്രചാരവും ഈ ഗ്രന്ഥത്തിനാണുള്ളതു്. 1067-ലെ ഭാഷാപോഷിണി സഭയിൽവെച്ചാണു് മലയാളത്തിൽ ഒരു പുതിയ നിഘണ്ടു നിർമ്മിക്കേണ്ട ആവശ്യത്തെപ്പറ്റി ഒന്നാമതായി പ്രസ്താവമുണ്ടായതെന്നു തോന്നുന്നു. മഹാപണ്ഡിതന്മാർ ഏകോപിച്ചു സാധിക്കേണ്ടിയിരുന്ന ആ മഹായത്നത്തിൽ ഏകനായി മുന്നോട്ടുവരുവാൻ ആരും ഉണ്ടായിരുന്നില്ല. പത്മനാഭപിള്ളയിൽ വിളങ്ങിയിരുന്ന നൈസർഗ്ഗിക പ്രവണത അദ്ദേഹത്തെ സ്വയം ഇതിലേക്കു പ്രേരിപ്പിച്ചു. 1072 മുതൽ ആരംഭിച്ച നിഘണ്ടുനിർമ്മാണശ്രമം 1092 കൊണ്ടു് അദ്ദേഹം ഒരുവിധത്തിൽ സമാപിപ്പിച്ചു എന്നു പറയാം. 1093 തുലാം മുതൽ തിരുവനന്തപുരത്തുനിന്നു അതുസഞ്ചികകളായി പുറപ്പെടുവിക്കുവാനും ആരംഭിച്ചു. 1099 മീനമാസത്തിൽ 22 ലക്കങ്ങൾ പൂർത്തിയായതോടെ പ്രസ്തുത ഗ്രന്ഥം മുഴുവൻ മുദ്രിതമായിത്തീരുകയും ചെയ്തു. ഇങ്ങനെയാണു് ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പു പുറപ്പെട്ടതു്. അതു മേൽക്കുമേൽ പരിഷ്ക്കരിച്ചു് വിപുലപ്പെടുത്തി ഗ്രന്ഥകാരൻ്റെ ചരമകാലത്തിനുമുമ്പുതന്നെ – 1121- നു മുമ്പുതന്നെ – 3-ാം പതിപ്പു പുറപ്പെടുവിക്കുവാൻ സാധിച്ചു. ഇപ്പോൾ 4-ാം പതിപ്പിലേക്കു കടന്നിരിക്കുകയാണ്. ശബ്ദതാരാവലി നിർമ്മിക്കുന്ന വിഷയത്തിൽ ബെയിലി, കൊല്ലിൻസ്, ഗുണ്ടർട്ട് തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരുടെ കൃതികൾ പത്മനാഭപിള്ളയ്ക്കു മാർഗ്ഗദർശനം നല്കിയിട്ടുണ്ടെന്നുള്ളതു് വിസ്മരിക്കുന്നില്ല. എങ്കിലും ഏകനായി ജീവിതത്തിൽ നേരിട്ട അനേകമനേകം പ്രതിബന്ധങ്ങളെ പിന്നിട്ടു ലക്ഷ്യത്തിലെത്തിയ ശ്രീകണ്ഠേശ്വരത്തിൻ്റെ നവയൗവനാനുരൂപമായ വ്യവസായശീലത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകുകയില്ല.