ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)
സാങ്കേതിക ശബ്ദകോശങ്ങൾ : മദിരാശി, തിരുവിതാംകൂർ (കേരള) എന്നീ സർവ്വകലാശാലകളിൽനിന്നു ചരിത്രം, ധനശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ സാങ്കേതികസംജ്ഞകളെ പ്രതിപാദിക്കുന്ന ഏതാനും പ്രസിദ്ധീകരണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവിതാംകൂർ സർവ്വകലാശാലക്കാരാണ് ഈ വിഷയത്തിൽ കൂടുതൽ യത്നിച്ചുകാണുന്നതു്. ഊർജ്ജതന്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, സസ്യശാസ്ത്രം, വിദ്യാഭ്യാസം, ജന്തുശാസ്ത്രം ആദിയായ വിഷയങ്ങളെ അധികരിച്ചുള്ള ശബ്ദകോശങ്ങൾ പലതും അവർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയാണു്.
ഇംഗ്ളീഷ്-മലയാളം സാങ്കേതിക നിഘണ്ടു: എം. നാരായണൻ ബി. എ. എൽ. റ്റി, പി. കെ. കോരു എം. എ. എന്നിവർ ചേർന്നു 1938-ൽ തലശ്ശേരിയിൽനിന്നു പുറപ്പെടുവിച്ചിട്ടുള്ളതാണു് പ്രസ്തുതകൃതി. ഗണിതം, ജ്യോതിഷം, ഭൗതിക വിജ്ഞാനം, രസതന്ത്രം, ശരീര ശാസ്ത്രം, സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൂവിജ്ഞാനീയം, മനശ്ശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങളെ സംബന്ധിച്ച സാങ്കേതിക ശബ്ദങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ആർ. നാരായണപ്പണിക്കരുടെ ‘സാങ്കേതികനിഘണ്ടു’വും ഇവിടെ പ്രസ്താവാർഹമാണു്. അപ്പൻ തമ്പുരാൻ, ഐ. സി. ചാക്കോ, ഏ. ആർ. രാജരാജവർമ്മ, പെരുമാലിൽ ആഗസ്തി തുടങ്ങിയവർ സാങ്കേതിക ശബ്ദ സൃഷ്ടിയിൽ പ്രശംസാർഹമായ പ്രയത്നം ചെയ്തിട്ടുള്ളവരത്രെ. പക്ഷേ, ഒരു ന്യൂനത മാത്രമേയുള്ളൂ, സാങ്കേതികശബ്ദ നിർമ്മാണം പലരും പലവിധത്തിൽ ചെയ്യുന്നതുകൊണ്ടു് ഭാഷാശബ്ദങ്ങൾക്ക് ഐകരൂപ്യമാകട്ടെ സുപ്രതിഷ്ഠയാകട്ടെ സിദ്ധിക്കുന്നില്ലെന്നുള്ളതാണതു്. ചില തർജ്ജമകൾ ‘ടികാ ടൂ കാമപേക്ഷതേ’ എന്നു പറഞ്ഞ മട്ടിൽ മൂലത്തേക്കാൾ ദുർജ്ജേയങ്ങളായിത്തിർന്നിട്ടുമുണ്ട്.
സുറിയാനി മലയാള നിഘണ്ടു: കേരളത്തിലെ സുറിയാനിക്കാരായ വൈദിക വിദ്യാർത്ഥികളെ ഉദ്ദേശിച്ച് അന്ത്രയോസ് മല്പാൻ എഴുതിയിട്ടുള്ള ഒരു ശബ്ദകോശമാണിതു്. 700 പേജുകൾ വരുന്ന ഈ നിഘണ്ടുവിൽ സുറിയാനി ശബ്ദങ്ങൾ ആ ലിപിയിൽത്തന്നെ എഴുതി അവയ്ക്ക് മലയാളത്തിൽ അർത്ഥം കൊടുത്തിരിക്കുന്നു.
ഹിന്ദി-മലയാളകോശം: കേരളീയർക്കു ഹിന്ദിഭാഷാപഠനത്തിനു പ്രയോജനപ്പെടത്തക്കവണ്ണം ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ശബ്ദകോശമാണിതു്. ഹിന്ദി ശബ്ദങ്ങൾ ദേവനാഗരിലിപിയിലും അർത്ഥം മലയാളത്തിലുമായി കൊടുത്തിരിക്കുന്നു.
