ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

ഇംഗ്ലീഷ്-മലയാള ശബ്ദകോശം: ഇംഗ്ലീഷ് പദങ്ങൾക്കു മലയാളത്തിൽ അർത്ഥം കൊടുത്തുകൊണ്ടു് റവ: സക്കറിയാസ് എഴുതിയിട്ടുള്ള ഒരു നിഘണ്ടുവാണിതു്. ബാസൽമിഷ്യൻ പ്രസ്സിൽ അച്ചടിച്ചിട്ടുള്ളതും 1400 പേജുകളുള്ളതുമായ പ്രസ്തുതകൃതി വളരെ പ്രയോജനപ്രദമായ ഒന്നുതന്നെ.

ഇംഗ്ലീഷ്-മലയാളം ഡിക്ഷ്നറി: കെ. ഗോപാലപിള്ള ബി. എ., എൻ. ബാപ്പുറാവു ബി. എ. ബി. എൽ., കെ. ജി. ശങ്കർ എ ന്നിവർ കൂട്ടായി നിർമ്മിച്ചിട്ടുള്ള ഒരു ശബ്ദകോശമാണിതു്. കൊല്ലം ശ്രീരാമവിലാസം പ്രസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രസ്തുത കൃതിക്ക് നാലോ അഞ്ചോ പതിപ്പുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്.

ഇംഗ്ലീഷ്-മലയാള സാങ്കേതിക നിഘണ്ടു: എം. നാരായണമേനോൻ എഴുതിയിട്ടുള്ള ഈ കൃതിയും ഉപയോഗപ്രദംതന്നെ.

ഉദയാ മലയാളം-ഇംഗ്ലീഷ് ഡിക്ഷ്നറി: മലയാളത്തിൽനിന്നു ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുക എന്ന പ്രക്രിയയ്ക്കു സഹായകമായ നിഘണ്ടുക്കൾ മലയാളത്തിൽ ഇന്നില്ല. ബെയിലിസായ്പ് 1846-ൽ എഴുതിയ നിഘണ്ടുവാണ് ഈ വിഷയത്തിൽ നമുക്കുണ്ടായിരുന്ന ഒന്ന്. അതിപ്പോൾ അലബ്ധവുമാണു്. ആ സ്ഥിതിക്കു്, ഈ. ഏലിയാസും, ഈ. ഐസക്കും ചേർന്നു നിർമ്മിച്ചിട്ടുള്ള ഉദയാനിഘണ്ടു സ്വാഗതാർഹം തന്നെ.