ഗദ്യസാഹിത്യചരിത്രം. പതിനേഴാമദ്ധ്യായം

ഭാഷാവിജ്‌ഞാനീയം (ഒന്നാംഭാഗം)

നിഘണ്ടുവിൻ്റെ മുഖവരയിൽ മറ്റൊരു ഭാഗത്തു് ഇങ്ങനെ പ്രസ്താവിക്കുന്നു:

“ഈ നിഘണ്ടു സംസ്കൃത വിദ്യാർത്ഥികളുടെ ഉപയോഗത്തിനുവേണ്ടി അല്ലാത്തതുകൊണ്ട് മലയാള കൃതികളെന്നു് ഉത്തമ വിശ്വാസത്തോടെ സ്വീകരിക്കപ്പെടാവുന്ന കൃതികളിൽ പ്രയോഗിക്കപ്പെട്ടുകാണുന്ന പദങ്ങളും അർത്ഥങ്ങളും മാത്രം സ്വികരിക്കുക എന്ന നിയമമാണു് അനുവർത്തിച്ചിട്ടുള്ളതു്.” എത്രമാത്രം ക്രാന്തദർശിയായിരുന്നു, ആ ശബ്ദകോശ നിർമ്മാതാവെന്നു ഈ വാക്യം വെളിപ്പെടുത്തുന്നു. സംസ്കൃതത്തിൽ നിന്നു മലയാളത്തിൽ സാധാരണ നടപ്പുള്ള ശബ്ദങ്ങളെ മാത്രമേ ഗ്രന്ഥകാരൻ ഇതിൽ സ്വീകരിച്ചിട്ടുള്ളു. വാമൊഴിയായും വരമൊഴിയായും കിട്ടാവുന്നിടത്തോളം മലയാളപദങ്ങൾ തേടിപ്പിടിച്ച് ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. മാത്രവുമല്ല, അറബിക്, പെർഷ്യൻ, ഹിന്ദുസ്ഥാനി, പോർത്തുഗീസ്, ഇംഗ്ലീഷ്, തുളു, കന്നടം, തെലുങ്ക് , മഹാരാഷ്ട്രം മുതലായി അന്യഭാഷകളിൽനിന്ന് ഇവിടെ പ്രചാരത്തിൽ വന്നിട്ടുള്ള പദങ്ങളെക്കൂടി സ്വീകരിച്ച് അവയുടെ അർത്ഥം വിവരിക്കുവാനും ആ മഹാപണ്ഡിതൻ ശ്രമിച്ചുകാണുന്നു. ഭാഷാശാസ്ത്ര പഠനത്തിനും, ഭാഷകളുടെ താരതമ്യ പഠനത്തിനും (Philology) ഇതുപോലെ ഉപയോഗപ്രദമായ ഒരു കൃതി മലയാളത്തിൽ ഇന്നു വേറൊന്നില്ല. പദങ്ങളുടെ നിരുക്തി (Etymology), കാലാന്തരത്തിൽ അവയ്ക്കു വന്നിട്ടുള്ള മാറ്റങ്ങൾ (Semantics), ഉച്ചാരണനിയമം (Phonology) തുടങ്ങിയ ശാസ്ത്രീയകാര്യങ്ങൾ പലതും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മഹാകവി ഉള്ളൂരിൻ്റെ ഭാഷയിൽത്തന്നെ ഈ ഭാഗം അവസാനിപ്പിക്കട്ടെ: “ഭാഷ ശബ്ദങ്ങൾക്കു് സംസ്കൃത ശബ്ദങ്ങളേക്കാൾ പ്രാധാന്യം നല്കി, ഭാഷയിൽ പ്രചുരപ്രചാരങ്ങളായ സംസ്കൃത ശബ്ദങ്ങളെ മാത്രം ഉൾപ്പെടുത്തി, പ്രാചീനകാലത്തേക്കും മദ്ധ്യകാലത്തേക്കും ഭാഷാകൃതികളിൽനിന്നു് അന്നു നടപ്പിലിരുന്നവയും, ഇന്നു പ്രചാരലുപ്തങ്ങളുമായ ശബ്ദങ്ങൾ കഴിയുന്നിടത്താളം തിരഞ്ഞെടുത്തു്, നാടോടി ശബ്ദങ്ങൾക്കും വിദേശീയ ഭാഷകളിൽ നിന്നു കടന്നുകൂടിയിട്ടുള്ള ശബ്ദങ്ങൾക്കും പ്രവേശനം അനുവദിച്ചു, ഓരോ ശബ്ദത്തിൻ്റേയും ആഗമം നിർദ്ദേശിച്ച്, വിവിധ ഗ്രന്ഥങ്ങളിൽനിന്നുംമറ്റും അവയുടെ അർത്ഥാവബോധത്തിനുതകുന്ന ഉദാഹരണങ്ങളുദ്ധരിച്ച്, പഴഞ്ചൊല്ലുകളും ശൈലികളും അവസരോചിതമായി എടുത്തുകാണിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പ്രസ്തുത നിഘണ്ടുവിൻ്റെ ഗുണവിശേഷങ്ങൾ വാചാമഗോചരങ്ങളെന്നേ ചുരുക്കത്തിൽ പറയാൻ നിവൃത്തിയുള്ളു.”

വളരെ വർഷങ്ങൾക്കു മുമ്പുതന്നെ അലബ്ധമായിത്തീർന്നിരുന്ന ഈ അമൂല്യഗ്രന്ഥത്തിൻ്റെ പുനഃപ്രകാശനം 1962 ഒക്ടോബറിൽ, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം നിർവ്വഹിച്ചുകണ്ടതിൽ സന്തോഷിക്കേണ്ടതുണ്ടു്.